ന്യൂഡൽഹി: കേരളത്തിനുള്ള കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ കേന്ദ്ര നികുതിയുടെ 2.5 ശതമാനമാണ് കേരളത്തിന് അനുവദിച്ചിരുന്നതെങ്കിൽ ഇക്കുറി ഇത് 1.943 ശതമാനമായി കുറഞ്ഞു. കേരളത്തിന് 1164.41 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും.
15236.64 കോടിയാണ് ഇക്കുറി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ 7872.37 കോടി രൂപ അനുവദിച്ചിരുന്നതിൽ 1471.32 കോടി രൂപ പിന്നീട് വെട്ടിക്കുറച്ചിരുന്നു. ഇന്നലെ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2019-20 വർഷത്തിൽ കേന്ദ്ര നികുതിയിനത്തിൽ 16401.05 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങൾക്കുള്ള ആകെ കേന്ദ്രനികുതി വിഹിതത്തിൽ കഴിഞ്ഞ ബഡ്ജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ 58842.42 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
കേന്ദ്ര നികുതിയിൽ 42 ശതമാനമായിരുന്നു നേരത്തെ സംസ്ഥാനങ്ങൾക്ക് മാറ്റിവെച്ചിരുന്നത്. എന്നാൽ 15 -ാം ധനകമ്മിഷൻ ശുപാർശകൾ പ്രകാരം ഇത് 41 ശതമാനമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
ഗുജറാത്ത്, ഹിമാചൽ തുടങ്ങിയ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളുടെ കേന്ദ്രനികുതി വിഹിതം വർദ്ധിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ നികുതിവിഹിതം 3.084 ശതമാനമായിരുന്നത് 3.398 ശതമാനമായി ഉയർന്നു. 6214.37 കോടി രൂപ അധികമായി ലഭിക്കും. ഹിമാചലിന് 1588.04 കോടി രൂപ അധികമായി ലഭിക്കും.
കേരളത്തിനായി പുതിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നുമില്ല. ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ്, ശബരി റെയിൽപാത, പാലക്കാട് കോച്ച് ഫാക്ടറി, അതിവേഗ റെയിൽ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.