ന്യൂഡൽഹി :ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവർക്ക് കേജ്‌രിവാൾ സർക്കാർ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്ന രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന റാലിക്കിടെയാണ് ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ കഴിയില്ലെന്നും എന്നാൽ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് കെജ്‌രിവാൾ സർക്കാർ ബിരിയാണി വിളമ്പുകയാണെന്നും യോഗി പറഞ്ഞത്. ഒപ്പം പാകിസ്ഥാനിൽ നിന്ന് പണം കൈപറ്റിയാണ് കാശ്മീരിൽ പൊതുമുതൽ നശിപ്പിച്ചിരുന്നതെന്നും കോൺഗ്രസും കേജ്‌രിവാളിന്റെ പാർട്ടിയും ഇത്തരം പ്രതിഷേധക്കാരെ പിൻന്തുണച്ചിരുന്നുവെന്നും എന്നാൽ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ അതെല്ലാം നിലച്ചെന്നും യോഗി കൂട്ടിച്ചേർത്തു. ഇതിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ആദിത്യനാഥിനെ ഡൽഹിയിൽ പ്രചാരണം നടത്തുന്നതിൽനിന്ന് പൂർണമായും വിലക്കണമെന്ന ആവശ്യവുമായി ആപ്പ് രംഗത്തെത്തിയിട്ടുണ്ട്.