kunal-camra

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ ഇൻഡിഗോ വിമാനത്തിൽ വച്ച് അപമാനിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതിന് എയർ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തിയ സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് യാത്രാ അനുമതി നൽകി വിസ്താര എയർലൈൻസ്. കുനാൽ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിമാനത്താവളത്തിൽ വിസ്താരയുടെ ചെക്കിംഗ് കൗണ്ടറിന് സമീപം വിജയ ചിഹ്നം കാണിച്ച് 'എന്റെ വിമാനത്താവളം എല്ലാ നന്ദിയും വിസ്താര എയർലൈൻസിന്' എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോ കുനാൽ ട്വീറ്റ് ചെയ്തു.

ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് കുനാലിന് യാത്ര വിലക്കേർപ്പെടുത്തിയത്. എന്നാൽ വിശദമായ അന്വേഷണം നടത്തി മാത്രമേ തീരുമാനം എടുക്കൂവെന്ന് വിസ്താരയും, എയർ ഏഷ്യയും നിലപാടെടുത്തു. അന്വേഷണത്തിന് ശേഷം വിലക്ക് ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നെന്ന് കണ്ടെത്തിയതായി വിസ്താര അറിയിച്ചു.

യാത്രക്കാരെ വിലക്കുന്നതുമായി ബന്ധപ്പെട്ട 2017ലെ നിയമപ്രകാരം ഏത് കമ്പനിയുടെ യാത്രവിമാനത്തിലും മോശമായി പെരുമാറുന്ന യാത്രക്കാരനെ മറ്റ് എയർലൈൻസുകൾക്ക് വിശദമായ അന്വേഷണം നടത്തി വിലക്കാമെന്ന ചട്ടമുണ്ട്. അത് പ്രകാരമാണ് കുനാലിന് വിമാനകമ്പനികൾ വിലക്കേർപ്പെടുത്തിയത് എന്നാണ് വ്യോമയാന വൃത്തങ്ങൾ നൽകിയ വിശദീകരണം. ഈ വിശദീകരണത്തെ പൊളിക്കുന്നതാണ് വിസ്താരയുടെ തീരുമാനം.