nirbhaya-case

ന്യൂഡൽഹി: നിർഭയകേസിൽ പ്രതികൾ നിയമത്തെ കൂട്ടുപിടിച്ച് വധശിക്ഷ മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും നാലുപേരുടെയും ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ലെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. നിർഭയക്കേസിൽ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ്‌കോടതി ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് സോളിസിറ്റ് ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.

വധശിക്ഷ സ്റ്റേ ചെയ്തുള്ള പട്യാലകോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും സർക്കാർ വാദിച്ചു.

ശിക്ഷ വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്. വധശിക്ഷ നടപ്പാക്കുന്നത് മനഃപൂർവം വൈകിപ്പിക്കുകയാണ്. പ്രതികൾക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈകേസിൽ 13ാം ദിവസമാണ് പ്രതികൾ ഹർജികൾ നൽകിയത്. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ്. തെലങ്കാനയിൽ ബലാത്സംഗക്കേസിലെ പ്രതികളെ വധിച്ചപ്പോൾ ജനങ്ങൾ ആഘോഷിച്ചെന്നും, അത് നീതി നടപ്പിലായതിന്റെ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രതികൾ ദരിദ്രരും നിരാലംബരുമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വധശിക്ഷ നടപ്പിലാക്കാൻ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും പ്രതികളായ പവൻ കുമാർ, അക്ഷയ് കുമാർ, വിനയ് ശർമ എന്നിവർക്കു വേണ്ടി ഹാജരായ എ.പി.സിംഗ് വാദിച്ചു. മുകേഷ് സിംഗിന്‌ വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോണും കേന്ദ്രത്തിന്റെ നീക്കത്തെ എതിർത്തു.

ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് സുരേഷ് കൈത്താണ് ഹർജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിച്ച വാദം മണിക്കൂറുകളോളം തുടർന്നു. വിധി പറയുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റി.