ന്യൂഡൽഹി: ഷഹീൻബാഗിൽ വെടിവയ്പുണ്ടായതിന് പിന്നാലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഷഹീൻബാഗിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നോയിഡ - ഡൽഹി ദേശീയപാതയിൽ സ്‌ത്രീകളും കുട്ടികളും അനിശ്ചിതകാല സമരം തുടരുന്ന ഷഹീൻബാഗിലേക്ക് ഹിന്ദുസേന, ശിവസേന, ഗോരക്ഷാസമിതി തുടങ്ങിവരുടെ നേതൃത്വത്തിലാണ് സരിതവിഹാർ, മദൻപൂർ ഖാദർ എന്നിവിടങ്ങളിൽനിന്നായി നൂറുകണക്കിനുപേർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയത്. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലണമെന്നും പ്രതിഷേധം ഗതാഗതകുരുക്കുണ്ടാക്കുന്നെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇതിനിടെ എസ്.എഫ്.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി, ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ തുടങ്ങിയ സംഘടനകൾ ഷഹീൻബാഗിന് പിന്തുണയുമായി എത്തി. പ്രതിഷേധിക്കാനുള്ള മൗലിക അവകാശം സംരക്ഷിക്കണമെന്നും അക്രമികൾക്കു കൂട്ടുനിൽക്കുന്ന ഡൽഹി പൊലീസിന്റെ നയം തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ തടഞ്ഞ ഡൽഹി പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തു നീക്കി.
അതീവ സുരക്ഷ
ഷഹീൻബാഗിൽ വെടിവയ്പുണ്ടായതോടെ പ്രതിരോധത്തിലായ പൊലീസ് ഞായറാഴ്‌ച പ്രതിഷേധവേദിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. സമരസ്ഥലത്തേക്ക് എത്തുന്നവരെ വിശദമായി പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. സമരക്കാർക്ക് നേരെ ഇന്നലെ വെടിയുതിർത്ത കപിൽ ഗുജ്ജാറിനെ പൊലീസ് രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.