sabarimala

ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശനത്തിലടക്കം പുനഃപരിശോധനാ ഹർജികളല്ല, സ്ത്രീ വിവേചനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളാണ് ഒപതംഗ വിശാലബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പുനപരിശോധനാ ഹർജികളിൽ അഞ്ചംഗ ബെഞ്ചാവും വിധി പറയുക. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമേ ഒൻപതംഗ ബെഞ്ച് പരിഗണിക്കൂ.

വിശാല ബെഞ്ച് ഈ മാസം ആറിന് വീണ്ടും സിറ്റിംഗ് നടത്തും. അന്ന് വാദമുഖത്തിന്റെ സമയക്രമം നിശ്ചയിക്കും. അടുത്തയാഴ്ച വാദം തുടങ്ങാമെന്നും എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി.

മതസ്വാതന്ത്ര്യം, ആരാധനാലയങ്ങളിൽ സ്ത്രീകളുടെ മൗലികാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഒൻപതംഗ ബെഞ്ചിന് വിട്ടതിനെ മുതിർന്ന അഭിഭാഷകർ ഫാലി എസ്.നരിമാൻ ചോദ്യം ചെയ്യുകയും കപിൽ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണയ്ക്കുയും ചെയ്തപ്പോഴാണ് ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയം ആവർത്തിച്ചത്.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, എം.എം.ശാന്തനഗൗഡർ, എസ്.എ. നസീർ. ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായി, സൂര്യ കാന്ത് എന്നിവരാണ് ഒൻപതംഗ ബെഞ്ചിലുള്ളത്.

ശക്തമായെതിർത്ത് നരിമാൻ

ഒന്നാം നമ്പർ കോടതിയിൽ കേസിന്റെ വാദം കേൾക്കുന്നതിനുള്ള സമയക്രമവും പരിഗണനാവിഷയങ്ങളും തീരുമാനിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ഇന്നലെ രാവിലെ സിറ്റിംഗ് തുടങ്ങിയതും നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു.

പരിഗണനാ വിഷയങ്ങളെക്കുറിച്ച് സോളിസിറ്റ് ജനറൽ തുഷാർ മേത്ത വാദം തുടങ്ങിയതിന് പിന്നാലെയാണ് അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിടാനാകില്ലെന്ന് ഫാലി എസ്.നരിമാൻ പറഞ്ഞത്.

നിയമപ്രശ്‌നം ഉയർത്തുന്ന ഹർജികളിലാണ് കോടതി ഇടപെടേണ്ടതെന്നും യുവതീ പ്രവേശനവിധി ശരിയോ തെറ്റോ എന്നാണ് കോടതി വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ അഭിഭാഷകരായ കബിൽ സിബൽ ഉൾപ്പെടെ അനുകൂലിച്ചു.

ബെഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണമെന്ന് അഭിഭാഷകയായ ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. പൊതുതാത്പര്യ വിഷയമായതിനാൽ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പരാശരൻ വാദിച്ചു.