loksabha

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി പ്രതിപക്ഷ ബഹളം. ലോക്‌സഭയിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ബഹളത്തിൽ മുങ്ങി.

രാവിലെ ലോക്‌സഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ്, ഡി.എം.കെ, മുസ്ലിംലീഗ്, സി.പി.എം എം.പിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി വിരുദ്ധ പ്ലക്കാർഡുകളും ഉയർത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളും മുഴക്കി. തൃണമൂൽ അംഗങ്ങളും പ്രതിഷേധമുയർത്തിയെങ്കിലും നടുത്തളത്തിലേക്ക് ഇറങ്ങിയില്ല. നന്ദിപ്രമേയ ചർച്ചയ്ക്കിടെ അംഗങ്ങൾക്ക് വിഷയം ഉന്നയിക്കാമെന്നും മതിയായ സമയം നൽകാമെന്നും സ്പീക്കർ ഓം ബിർള പറഞ്ഞെങ്കിലും ബഹളം തുടർന്നതോടെ ചോദ്യോത്തരവേള അവസാനിപ്പിച്ച് കുറച്ചുനേരത്തേക്ക് സഭ നിറുത്തിവച്ചു. വീണ്ടും ചേർന്നപ്പോൾ ശൂന്യവേളയിൽ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി സംസാരിച്ചു. ജനങ്ങളുടെ ശബ്ദത്തെ വെടിയുണ്ടകൊണ്ട് നിശബ്ദരാക്കാൻ കഴിയില്ലെന്നും യഥാർത്ഥ ഹിന്ദുക്കളല്ല ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിലും ജനസംഖ്യാ രജിസ്റ്ററിലും ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും കോൺഗ്രസ്, ബി.എസ്.പി, ഇടതുകക്ഷികൾ തുടങ്ങിയ പാർട്ടികളിലെ എം.പിമാർ പ്രതിഷേധമുയർത്തി. വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ബി.എസ്.പിയിലെ സതീഷ് ചന്ദ്രമിശ്ര, തൃണമൂലിലെ ഡെറിക് ഒബ്രിയാൻ, സി.പി.എമ്മിലെ ടി.കെ രംഗരാജൻ, കെ.കെ രാഗേഷ്, സി.പി.ഐയിലെ ബിനോയ് വിശ്വം എന്നിവർ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യനായിഡു അനുവദിച്ചില്ല. നന്ദിപ്രമേയ ചർച്ചയ്ക്കിടെ വിഷയം ഉന്നയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹളം ശക്തമായതോടെ രാജ്യസഭ ആദ്യം ഉച്ചയ്ക്ക് 12വരെയും പിന്നീട് രണ്ടു വരെയും നിറുത്തിവച്ചു. 3.15ഓടെ സഭ പിരിഞ്ഞു.