tax

ന്യൂഡൽഹി: ഇന്ത്യൻ പൗരനായ പ്രവാസിയുടെ നാട്ടിലെ വരുമാനത്തിന് ആദായ നികുതി ചുമത്താനും പ്രവാസി പദവി കണക്കാക്കുന്ന ദിനങ്ങളുടെ എണ്ണം കുറയ്ക്കാനുമുള്ള കേന്ദ്ര ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ രാജ്യത്തെ വിദേശ നിക്ഷേപങ്ങളെ പിന്നോട്ടടിക്കുമെന്ന ആശങ്ക ശക്തമായി.

ഗൾഫ് അടക്കം നികുതിയില്ലാത്ത വിദേശ രാജ്യങ്ങളിൽ പ്രവാസികൾ സമ്പാദിക്കുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെങ്കിലും നാട്ടിലെ വരുമാനം ആദായ നികുതി പരിധിയിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പ്രവാസികളിൽ നിന്ന് ആദായ നികുതി ഈടാക്കുന്നത് സംബന്ധിച്ച ബഡ്‌ജറ്റ് നിർദ്ദേശം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്നായിരുന്നു വിശദീകരണം .

പ്രവാസികൾക്ക് വിദേശത്ത് ലഭിക്കുന്ന പണം ഇന്ത്യയിലെ തൊഴിലോ, ബിസിനസോ വഴി ഉണ്ടാക്കുന്നതല്ലെങ്കിൽ നികുതി നൽകേണ്ടതില്ല. അതേസമയം, ഈ ഇളവ് ദുരുപയോഗം ചെയ്‌ത് ഒരു വിഭാഗം നികുതി വെട്ടിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

പ്രവാസികളെ പിന്നോട്ടടിക്കും

 കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശമനുസരിച്ച്, പ്രവാസിയായി പരിഗണിക്കപ്പെടാൻ 240 ദിവസമെങ്കിലും വിദേശത്ത് കഴിയണം. നിലവിൽ ഇത് 182 ദിവസമാണ്.

 അവധിക്കും മറ്റും നാട്ടിൽ വരുന്ന പ്രവാസികൾ 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരനായി കണക്കാക്കി ആദായ നികുതി ഈടാക്കും. നിലവിൽ പ്രവാസികൾക്ക് 182 ദിവസംവരെ ഇന്ത്യയിൽ ആദായ നികുതി ഇളവുകളോടെ കഴിയാം. അവധിക്കാലം ചെലവഴിക്കാനെത്തുന്ന പ്രവാസി വ്യവസായികൾക്കും മറ്റും പുതിയ നിർദ്ദേശം തിരിച്ചടിയാവും..

 പ്രവാസി നിക്ഷേപം സ്വാഗതം ചെയ്യുന്ന കേന്ദ്രസർക്കാർ അവരെ ഇന്ത്യയിൽ കഴിയാൻ അനുവദിക്കാതിരിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇന്ത്യയിൽ വന്ന് 120 ദിവസത്തിനുള്ളിൽ പുതിയ സംരംഭം തുടങ്ങുന്നത് എങ്ങനെയെന്നാണ് ചോദ്യം.

 ഇന്ത്യയ്‌ക്കും യു.എ.ഇയ്‌ക്കും ഇടയിൽ ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടിയുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കാര്യത്തിൽ പുതിയ നിർദ്ദേശം പ്രാവർത്തികമാക്കാനും ബുദ്ധിമുട്ട് നേരിടും..