corona

ന്യൂഡൽഹി: ഹരിയാനയിലെ ഐസോലേഷൻ ക്യാമ്പിൽ താമസിപ്പിച്ചിരുന്ന ചൈനയിൽ നിന്നു വന്ന അഞ്ചു പേരെ ചുമയും ജലദോഷവും ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിലേക്ക് മാറ്റി. മനേസർ ക്യാമ്പിൽ താമസിപ്പിച്ചിരുന്നവരാണ് അഞ്ചു പേരും. ഡൽഹി എയിംസിൽ പരിശോധിച്ച സാമ്പിളുകളിൽ ഒരാളുടെ ഫലം നെഗറ്റീവ് ആണ്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, സഹമന്ത്രി അശ്വനി കുമാർ ചൗബേ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി, ഷിപ്പിംഗ് സഹമന്ത്രി മൻസൂഖ് ലാൽ മാണ്ഡവ്യ എന്നിവരടങ്ങിയ കർമ്മസമിതി രൂപീകരിച്ചു. മന്ത്രി ഹർഷവർദ്ധന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ കേരളത്തിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത് അടക്കമുള്ള സ്ഥിതിഗതികൾ വിലയിരുത്തി.

29 സംസ്ഥാനങ്ങളിലായി 2815 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 338 സാമ്പിളുകളിൽ കേരളത്തിൽ നിന്നുള്ള മൂന്നെണ്ണം മാത്രമാണ് പോസിറ്റീവ്. 70 സാമ്പിളുകളുടെ ഫലം വരാനുണ്ട്. നോഡൽ കേന്ദ്രമായി പ്രഖ്യാപിച്ച പൂനെയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന് കീഴിൽ സാമ്പിൾ പരിശോധനയ്‌ക്കായി 12 പ്രാദേശിക കേന്ദ്രങ്ങളും സജ്ജമാക്കി. ചൈനയിൽ നിന്ന് വന്ന 645 പേരെ പാർപ്പിച്ച രണ്ട് ഐസോലേഷൻ ക്യാമ്പുകളുടെ പ്രവർത്തനവും സമിതി വിലയിരുത്തി. കരസേനയുടെയും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റെയും നേതൃത്വത്തിലുള്ള ക്യാമ്പിലുള്ളവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് യോഗത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ചൈന, സിംഗപ്പൂർ, തായ്‌ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ എല്ലാ വിമാനത്താവളങ്ങളിലും വിശദപരിശോധനയ്‌ക്ക് വിധേമാക്കും. എല്ലാ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു. ജനുവരി 15ന് ശേഷം ചൈനയിൽ നിന്ന് വന്നവർ പരിശോധനയ്‌ക്ക് വിധേയരാകാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ചൈനയിലേക്കുള്ള ഇ-വിസാ നടപടികൾ നിറുത്തിവച്ചു.

പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുടെ അദ്ധ്യക്ഷതയിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവ് പി.കെ. സിൻഹ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പ്രത്യേക യോഗം ചേർന്നിരുന്നു.

കൊറോണ വൈറസ് പടരാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. കേരളത്തിന് പുറമേ മഹാരാഷ്ട്രയിലും കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ

ദുർബല ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളിൽ വൈറസ് പടരാൻ സാദ്ധ്യത കൂടുതലാണ്.
കൂടുതുൽ ഇൻസുലേഷൻ വാർഡുകൾ തയാറാക്കണമെന്നും. പ്രത്യേക കേന്ദ്ര ആരോഗ്യ വിദഗ്ദ്ധരെ സംസ്ഥാനങ്ങളിലേക്ക് അയക്കണമെന്നും എംപി ആവശ്യപ്പെട്ടു.