supreme-court

ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശനം അടക്കം വിശ്വാസവും സ്ത്രീകളുടെ ആരാധനാലയ പ്രവേശനവും സംബന്ധിച്ച ഹർജിയിലെ വാദത്തിൽ ഇന്നലെയും കോടതിമുറി കലുഷിതമായി. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഒൻപതംഗ ബെഞ്ച് സിറ്റിംഗ് നടത്തുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പത്ത് മണിക്ക് ആദ്യ വിഷയമായി കേസ് പരിഗണിച്ചയുടൻ കേസ് വിശാല ‌ബെഞ്ചിന് വിട്ടതിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകനായ ഫാലി എസ്.നരിമാൻ അടക്കം രംഗത്തെത്തി. ഒന്നര മണിക്കൂറോളം വാദം നീണ്ട് നിന്നു.

പ്രധാന വാദപ്രതിവാദങ്ങൾ

സോളിസിറ്റ് ജനറൽ തുഷാർ മേത്ത: കേസുമായി ബന്ധപ്പെട്ട് ചർച്ചചെയ്യേണ്ട വിഷയങ്ങളിൽ കോടതി നിയോഗിച്ച കമ്മിറ്റിക്ക് സമവായത്തിലെത്താൻ കഴിഞ്ഞില്ല. അതിനാൽ കോടതി ഇടപെട്ട് തീർപ്പുണ്ടാക്കണം.

ചീഫ് ജസ്റ്റിസ് : പത്ത് ദിവസത്തിനുള്ളിൽ വാദം പൂ‌ർത്തിയാക്കേണ്ട വിഷയങ്ങളിൽ എന്തൊക്കെ ചർച്ചചെയ്യണമെന്ന് സുപ്രീംകോടതി തീർപ്പുണ്ടാക്കും.

ഫാലി എസ്. നരിമാൻ: ചർച്ചചെയ്യേണ്ട വിഷയങ്ങളിൽ അവ്യക്തത തുടരുകയാണ്. ശബരിമല കേസ് എന്ന തലക്കെട്ടിലാണ് ഒൻപതംഗ ബെ‌ഞ്ച് കേസ് നാമകരണം ചെയ്‌തിരിക്കുന്നത്. അപ്പോൾ ശബരിമല യുവതി പ്രവേശനവും പത്ത് ദിവസത്തെ ചർച്ചയിൽ ഉൾപ്പെടുത്തുമോ?

ചീഫ് ജസ്റ്റിസ് : ശബരിമല യുവതീ പ്രവേശനം മാത്രമല്ല കോടതിക്ക് മുന്നിലുള്ളത്.

ഫാലി എസ്. നരിമാൻ - അഞ്ചംഗ ബെഞ്ച് വിധി പറയാൻ കാത്തിരിക്കുന്ന വിഷയം എങ്ങനെ വിശാല ബെഞ്ചിന് വിടാൻ കഴിയും?

ചീഫ് ജസ്റ്റിസ് : ശബരിമല യുവതീ പ്രവേശനം, മുസ്ലിം സ്ത്രീകളുടെയും പാഴ്സി സ്ത്രീകളുടെയും ആരാധനാലയ പ്രവേശനം എന്നിവ അഞ്ചംഗം ബെഞ്ച് തന്നെയാകും പരിഗണിക്കുക. വിശ്വാസം അടക്കമുള്ള ഏഴ് ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് ഒൻപതംഗ ബെഞ്ചിന് വിട്ടത്.

ഫാലി എസ്. നരിമാൻ: അഞ്ചംഗ ബെഞ്ചിന്റെ പരിധിയിലുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ ഒൻപതംഗ ബെഞ്ച് രൂപീകരിക്കേണ്ടിയിരുന്നില്ല. പുനഃപരിശോധന ഹർജികളിൽ കോടതിക്ക് എടുക്കാവുന്ന തീരുമാനം പരിമിതമാണ്. യുവതീ പ്രവേശനവിധി ശരിയെന്നോ തെറ്റെന്നോ ആണ് കോടതി പറയേണ്ടത്.

(അഭിഭാഷകരായ കപിൽ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും നരിമാനെ പിന്തുണച്ചു)

ഇന്ദിര ജയ്‌സിംഗ്: ബെഞ്ചിന്റെ അധികാരപരിധി സംബന്ധിച്ച വാദം ആദ്യംതന്നെ വേണം.

ചീഫ് ജസ്റ്റിസ് :വിശ്വാസവുമായി ബന്ധപ്പെട്ട ഹർജികളല്ല, മറിച്ച് സ്ത്രീ വിവേചനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളാണ് കോടതി വിശാല ബെഞ്ചിന് വിട്ടത്.

പരാശരൻ: പൊതുതാത്പര്യ വിഷയമായതിനാൽ വിശാല ബെഞ്ചിന് വിട്ടതിനോട് യോജിക്കുന്നു.

ചീഫ് ജസ്റ്റിസ് : ശബരിമല പുനഃപരിശോധനാ ഹർജികളിൽ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമേ ഒൻപതംഗ ബെഞ്ച് പരിഗണിക്കൂ. ഏതൊക്കെ വിഷയങ്ങൾ പരിഗണിക്കണമെന്നതിൽ വിശാല ബഞ്ച് ആറിന് വീണ്ടും സിറ്റിംഗ് നടത്തും. അന്ന് വാദമുഖത്തിന്റെ സമയക്രമം നിശ്ചയിക്കും. അടുത്തയാഴ്ച വാദം തുടങ്ങാം.