ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂറിനും പർവേഷ് വർമ്മ എം.പിക്കുമെതിരെ ലോക്‌സഭയിൽ കോൺഗ്രസിന്റ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്ത പർവേഷ് വർമ്മയെ കൊണ്ട് തന്നെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപോയി. ചർച്ചയിൽ പർവേഷ് വർമ്മ സംസാരിക്കവെ ലജ്ജയില്ലേയെന്ന് പ്രതിപക്ഷ എം.പിമാർ ചോദിച്ചു. ഒരു അംഗം പുറത്ത് നടത്തിയ പരാമർശം സഭയ്ക്ക് അകത്ത് ഉന്നയിക്കരുതെന്നും തെറ്റായ കീഴ്വഴക്കമുണ്ടാക്കരുതെന്നും സ്പീക്കർ സഭയ്ക്കുള്ളിൽ സംസാരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും നന്ദിപ്രമേയ ചർച്ചയിലാണ് പർവേഷ് സംസാരിക്കുന്നതെന്നും സ്പീക്കർ ഒാം ബിർള ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിഷേധമുയർത്തി പ്രതിപക്ഷം വാക്കൗട്ട് നടത്തി. തോക്കും വെടിയും കൊണ്ട് നടക്കും അനുരാഗ് താക്കൂർ ഗോബാക്ക് വി.കെ. ശ്രീകണ്ഠൻ എം.പി മലയാളത്തിൽ മുദ്രാവാക്യം മുഴക്കി.എവിടെ നിങ്ങളുടെ വെടിയുണ്ട, വെടിയുതിർക്കുന്നത് അവസാനിപ്പിക്കൂ എന്ന് മറ്റ് ചില എം.പിമാർ മുദ്രാവാക്യം വിളിച്ചുനിങ്ങളുടെ പാപങ്ങൾ പോകണമെങ്കിൽ പ്രതിപക്ഷവും ജയ്ശ്രീറാം വിളിക്കണമെന്ന് പർവേഷ് വർമ്മ പ്രസംഗത്തിനിടെ പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ സഭയിൽ ജയശ്രീ റാം മുഴക്കി.
ചോദ്യോത്തരവേളയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നടുത്തളത്തിലിറങ്ങിയപ്പോഴായിരുന്നു താക്കൂറിനെതിരെ പ്രതിഷേധം. ചോദ്യങ്ങൾക്ക് മറുപടി നൽകാനായി അനുരാഗ് താക്കൂർ എഴുന്നേറ്റപ്പോഴെല്ലാം കോൺഗ്രസ് അംഗങ്ങൾ താക്കൂറിനെതിരെ മുദ്രാവാക്യം മുഴക്കി.ഷഹീൻബാഗിലെ സമരക്കാർ വീടുകളിലെത്തി ബലാത്സംഗവും കൊലയും നടത്തുമെന്നായിരുന്നു പശ്ചിമ ഡൽഹി എം.പിയായ പർവേഷ് ബി.ജെ.പി റാലിക്കിടെ പറഞ്ഞത്. തുടർന്ന് പർവേഷിന് നാലുദിവസത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണ വിലക്കും ഏർപ്പെടുത്തി.