
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ലോക്‌സഭയിൽ എൻ.കെ പ്രേമചന്ദ്രൻ 10 ഭേദഗതികൾ അവതരിപ്പിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ അരക്ഷിതാവസ്ഥയും ന്യൂനപക്ഷ വിഭാഗങ്ങളിലെ ആശങ്കയും രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഉൾപ്പെടുത്താതെ പോയതിലുള്ള പ്രതിഷേധമാണ് പ്രധാന ഭേദഗതി.
ദേശീയ ജനസംഖ്യാ രജിസ്റ്റർ വിവര സമാഹരണത്തിന് ഭാഗമായി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഭീതിയും ആശങ്കയും രാഷ്ട്രപതി വിസ്മരിച്ചതിലുള്ള പ്രതിഷേധമാണ് മറ്റൊരു ഭേദഗതി. ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിനുള്ള അടിസ്ഥാന പ്രമാണമാണെന്ന ഗവൺമെന്റിന്റെ നിലപാട് സൃഷ്ടിച്ച അരക്ഷിതാവസ്ഥയും സർവകലാശാല ക്യാമ്പസുകളിലെ പൊലീസ് അതിക്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കൽ,പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം തുടങ്ങിയവയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
വിവിധ ഭേദഗതികൾ ആവശ്യപ്പെട്ട് കോൺഗ്രസ്, ഇടതുകക്ഷികൾ, തൃണമൂൽ എന്നിവയും നോട്ടീസ് നൽകിയിട്ടുണ്ട്. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിലും ജമ്മുകാശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളെ തടവിലാക്കിയത് പരാമർശിക്കാത്തതുമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ തെറ്റായ നിലയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഉദ്ധരിച്ചുവെന്ന് നേരത്തേ സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു.