ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്കു നേരെ വീണ്ടും വെടിവയ്‌പ്. ആർക്കും പരിക്കില്ല. വെടിയുതിർത്ത ശേഷം സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രി 11.50നു ജാമിയ സർവകലാശാലയുടെ 5-ാം നമ്പർ ഗേറ്റിനു സമീപമാണ് വെടിവയ്പുണ്ടായത്. സ്‌കൂട്ടറിൽ എത്തിയ രണ്ടുപേർ വെടിയുതിർത്തി ശേഷം രക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ നമ്പർ നൽകിയിട്ടും പൊലീസ് അന്വേഷണം വഴിതെറ്റിക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും സമീപവാസികളും ഓഖ്‌ല സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.അതേസമയം ജാമിയയിൽ കഴിഞ്ഞ വ്യാഴാഴ‌്ച വെടിയുതിർത്ത 17കാരന് തോക്കു നൽകിയ ഉത്തർപ്രദേശ് അലിഗഡ് സഹജ്പുര സ്വദേശിയായ ബി.ടെക്ക് വിദ്യാർത്ഥി അജീത്ത് (25) അറസ്റ്റിലായി. പൗരത്വ ഭേദഗതിക്കെതിരെ ഷഹീൻ ബാഗ്, ജാമിയ എന്നിവിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അക്രമം അരങ്ങേറിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് സൗത്ത് ഈസ്റ്റ് ഡി.സി.പി ചിൻമയ് ബിശ്വാലിന് പകരം അഡീഷണൽ ഡി.സി.പി കുമാർ ഗ്യാനേഷിനെ നിയമിച്ചു.