ന്യൂഡൽഹി: സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയാണെന്ന ബി.ജെ.പി എം.പിയും മുൻകേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്ഡെയുടെ പരാമർശത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷബഹളവും വാക്കൗട്ടും.
ചോദ്യോത്തരവേള ആരംഭിച്ചയുടൻ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ഇടത് പാർട്ടികൾ വിഷയം ഉന്നയിച്ചു. ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും അപമാനിച്ചെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ച് എം.പിമാർ നടുത്തളത്തിലിറങ്ങി. തുടർന്ന് ചോദ്യോത്തരവേള ഒഴിവാക്കി സ്പീക്കർ ഓംബിർള 12 മണിവരെ സഭ നിറുത്തിവച്ചു. വീണ്ടും ചേർന്നപ്പോൾ ശൂന്യവേളയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ എം.പിമാർ വാക്കൗട്ട് നടത്തി. വിഷയത്തിൽ കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുൾ ഖലീഖ്, ഗൗരവ് ഗോഗോയ് എന്നിവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.
ലോകം ആദരിക്കുന്ന ഗാന്ധിജിയെ ഹെഗ്ഡെ അപമാനിച്ചെന്നും ബി.ജെ.പി ഗോഡ്സെ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ബി.ജെ.പിയാണ് ഗാന്ധിജിയുടെ യഥാർത്ഥ ഭക്തരും അനുയായികളെന്നും കോൺഗ്രസ് വ്യാജ ഗാന്ധിമാരുടെ അനുയായികളാണെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു.
മഹാത്മാഗാന്ധി നയിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നാടകമെന്ന് പറഞ്ഞ എം.പിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
ഗാന്ധിക്കെതിരെ പറഞ്ഞിട്ടില്ല: ഹെഗ്ഡെ
പറഞ്ഞകാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അനന്തകുമാർ ഹെഗ്‌ഡെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരിൽ നടക്കുന്നത്. മാദ്ധ്യമങ്ങൾ നുണയാണ് പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ ഗാന്ധിയെക്കുറിച്ചോ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിൽ നടന്ന സവർക്കർ അനുസ്മരണ ചടങ്ങിലാണ് ഹെഗ്ഡെ വിവാദ പരാമർശം നടത്തിയത്. സ്വാതന്ത്ര്യസമര സേനാനികൾ ത്യാഗം ചെയ്തിട്ടില്ലെന്നും സത്യാഗ്രഹത്തിലൂടെ സ്വാതന്ത്ര്യം നേടിയെന്ന് രാജ്യത്തെ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും അത്തരക്കാരെ മഹാപുരുഷന്മാരെന്ന് വിളിക്കുകയാണെന്നും പ്രസംഗിച്ചതായാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷുകാരുടെ ഒത്താശയോടെയാണു സ്വാതന്ത്ര്യസമരം നടന്നതെന്നും നിരാശ ബാധിച്ചാണ് അവർ ഇന്ത്യ വിട്ടതെന്നും ഹെഗ്ഡെ പറഞ്ഞു. സംഭവം വിവാദമായതോടെ . തുടർന്ന് ബി.ജെ.പി ദേശീയ നേതൃത്വം ഹെഗ്‌ഡെയിൽ നിന്ന് വിശദീകരണം തേടി. മാദ്ധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും ഗാന്ധിജിയെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്കും അച്ചടക്കസമിതിക്കും ഹെഗ്‌ഡെ മറുപടി നൽകിയിരുന്നു.