ന്യൂഡൽഹി: വിവാദമായ ദേശീയ പൗരത്വ രജിസ്‌റ്റർ(എൻ.ആർ.സി) രാജ്യവ്യാപകമായി നടപ്പാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഇന്നലെ ലോക്‌സഭയിൽ വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് (എൻ.പി.ആർ) ഒരു രേഖയും ശേഖരിക്കില്ലെന്നും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഹമന്ത്രി നിത്യാനന്ദ് റായിയും മറുപടി നൽകി.
പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ,ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്‌റ്ററും നടപ്പാക്കാനുള്ള നീക്കം രാജ്യത്താകെ പ്രതിഷേധാഗ്നി പടർത്തുന്നതിനിടെയാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ ഒൗദ്യോഗിക വിശദീകരണം വരുന്നത്.പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കവെയാണ് നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിലെ എം.കെ.രാഘവൻ,അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്,നമ്മ നാഗേശ്വര റാവു(ടി.ആർ.എസ് ) ചന്ദൻ സിംഗ് (ലോക്‌ജൻ ശക്‌തി പാർട്ടി) തുടങ്ങിയവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.
ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്‌റ്ററും നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ,നിയമ മന്ത്രി രവിശങ്കർ പ്രസാദും ബി.ജെ.പി നേതാക്കളും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നതാണ്. സെൻസസിനൊപ്പം പുതുക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങൾ ആധാരമാക്കിയാവും , അസാമിൽ നടപ്പാക്കിയ പൗരത്വ പട്ടികയുടെ മാതൃകയിൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുകയെന്നും പറഞ്ഞിരുന്നു.
എൻ.പി.ആർ:അറിവുള്ള
വിവരങ്ങൾ മതി
ദേശീയ ജനസംഖ്യാ പട്ടിക (എൻ.പി.ആർ) പുതുക്കുന്ന വേളയിൽ ജനങ്ങൾ അവരുടെ അറിവിലും വിശ്വാസത്തിലുമുള്ള കാര്യങ്ങൾ പറഞ്ഞാൽ മതിയാവുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്വന്തം പൗരത്വത്തിൽ സംശയമുള്ളവരുടെ രേഖകൾ പരിശോധിക്കില്ല.
ഒാരോ കുടുംബത്തിന്റെയും വ്യക്തിയുടെയും അംഗസംഖ്യ സംബന്ധിച്ച വിവരങ്ങളാവും ശേഖരിക്കുക..
വിവരശേഖരണം സംബന്ധിച്ച് എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള
നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
2020 ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെയാവും വിവരശേഖരണം
ആശങ്കയുള്ള
സംസ്ഥാനങ്ങളുമായി
ചർച്ച നടത്തും
ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിൽ ആശങ്കയുള്ള സംസ്ഥാന സർക്കാരുകളുമായി
കേന്ദ്ര സർക്കാർ ചർച്ച നടത്തും. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ ചില വിവാദ ചോദ്യങ്ങളെച്ചൊല്ലി
കടുത്ത പ്രതിഷേധം ഉയരുകയും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹപര്യത്തിലാണിത്.