ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. മറുപടി നാലാഴ്ചയ്ക്കകം നൽകണം.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ജനുവരി 13നാണ് സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 29ന് സുപ്രീംകോടതി രജിസ്ട്രാർ ജുഡിഷ്യൽ അറ്റോർണി ജനറലിന്റെ ഓഫീസ് മുഖേന കേന്ദ്രത്തിന് സമൻസ് അയയ്ക്കുകയായിരുന്നു. ആറ് ആഴ്ചത്തെ സമയം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
ചട്ടപ്രകാരം സമൻസ് ലഭിച്ച് 28 ദിവസത്തിനുള്ളിൽ മറുപടി നൽകിയാൽ മതി. സംസ്ഥാനത്തിന്റെ സ്യൂട്ട് നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രം. മറുപടി നൽകുന്നതിന്റെ ഭാഗമായി ഗവർണറുടെ ഓഫീസ് എ.ജിയുടെ ഓഫീസുമായി ചർച്ച നടത്തി. ഗവർണറുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് അറ്റോർണി ജനറൽ മദ്ധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരാണ് ഹാജരാകുന്നത്.
പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നൽകിയ വിവിധ റിട്ട് ഹർജികൾ ഫെബ്രുവരി നാലാമത്തെ ആഴ്ചയാണ് ഇനി കോടതി പരിഗണിക്കേണ്ടത്. റിട്ട് ഹർജികൾക്ക് ശേഷമേ സംസ്ഥാന സർക്കാരിന്റെ സ്യൂട്ട് പരിഗണനയ്ക്ക് വരികയുള്ളൂ.