ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. 2015ൽ പ്രകടനപത്രികയിലെ സൗജന്യ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ കൈയിലെടുത്ത ആം ആദ്മിയുടെ വഴി ഇത്തവണ മറ്റ് പ്രതിപക്ഷപാർട്ടികൾ പിന്തുടർന്നപ്പോൾ ഭരണഘടനാ മൂല്യങ്ങളിലും ദേശഭക്തിയിലും കളം മാറ്റി ചവിട്ടിയിരിക്കുകയാണ് ആംആദ്മി പാർട്ടി. ജനങ്ങൾക്ക് 24 മണിക്കൂറും ശുദ്ധജലം, പൊതുജനാരോഗ്യം, വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പുറമേ ലോക്പാൽ, വീട്ടുപടിക്കൽ റേഷൻ തുടങ്ങിയവയാണ് ആപ്പിന്റെ പ്രധാന വാഗ്ദാനങ്ങൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആഭ്യന്തര മന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ആം ആദ്മി പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങൾ
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പ്
ലോക്പാൽ ബിൽ
24 മണിക്കൂർ ശുദ്ധജലം
മലിനീകരണം കുറയ്ക്കാനും പൊതുജനാരോഗ്യത്തിനും പ്രത്യേക പദ്ധതികൾ
വീട്ടുപടിക്കൽ റേഷൻ
സ്ത്രീ സുരക്ഷക്കായി പ്രത്യേക പദ്ധതികൾ
24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യശാലകൾ
ബി.ജെ.പിയുടെ സങ്കൽപ്പ് പത്രിക
ശുദ്ധമായ കുടിവെള്ളം സൗജന്യമായി
ദരിദ്രർക്ക് 2 രൂപയ്ക്ക് ഗോതമ്പ്
നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 2 ലക്ഷം രൂപ
കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സ്കൂട്ടർ
ഒൻപതാം ക്ലാസ് വിദ്യാത്ഥികൾക്ക് സൗജന്യ സൈക്കിൾ
വിധവകൾക്ക് പെൺമക്കളുടെ വിവാഹ ആവശ്യത്തിന് 51,000 രൂപ
10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം
സ്ത്രീ സുരക്ഷയ്ക്കായി റാണി ലക്ഷ്മി ബായി പദ്ധതി
അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി
കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ
പൗരത്വ നിയമത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും
എൻ.ആർ.സിയും, എൻ.പി.ആറും ഡൽഹിയിൽ നടപ്പാക്കില്ല
സ്ത്രീകൾക്ക് പുറമേ മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര
പെൺകുട്ടികൾക്ക് നഴ്സറി മുതൽ പി.എച്ച്.ഡി വരെ സൗജന്യ വിദ്യാഭ്യാസം
പ്രതിമാസം 20,000 ലിറ്റർ സൗജന്യ വെള്ളം
എല്ലാവർക്കും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
ബിരുദധാരികൾക്കും (5,000 രൂപ) ബിരുദാനന്തര ബിരുദധാരികൾക്കും (7,500 രൂപ) തൊഴിലില്ലായ്മ വേതനം