love-jihad

ന്യൂഡൽഹി​: കേരളത്തി​ൽ ലവ് ജി​ഹാദ് റി​പ്പോർട്ട് ചെയ്‌തി​ട്ടി​ല്ലെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയി​ൽ അറി​യി​ച്ചു. കേന്ദ്ര ഏജൻസി​കളൊന്നും ഇത്തരം കേസുകൾ റി​പ്പോർട്ട് ചെയ്‌തി​ട്ടി​ല്ലെന്നും കേരളത്തി​ൽ നി​ന്ന് മി​ശ്ര വി​വാഹവുമായി​ ബന്ധപ്പെട്ട രണ്ട് കേസുകൾ ദേശീയ അന്വേഷണ ഏജൻസി​ അന്വേഷി​ച്ച് വരി​കയാണെന്നും ആഭ്യന്തര സഹമന്ത്രി കി​ഷൻ റെഡ്‌ഡി​ ലോക്‌സഭയി​ൽ ബെന്നി​ ബെഹ്‌നാൻ എം.പി​യെ രേഖാമൂലം അറി​യി​ച്ചു.

മതാചാരങ്ങൾ സംബന്ധി​ച്ച് ഭരണഘടനയുടെ 25-ാം വകുപ്പ് സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും എന്നാൽ ലവ് ജിഹാദിന് നിലവിലുള്ള നിയമങ്ങളിൽ നിർവചനമില്ലെന്നും മറുപടിയിൽ പറയുന്നു. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന കേരള ഹൈക്കോടതിയുടെ കണ്ടെത്തൽ പരാമർശിച്ചു കൊണ്ടാണ് ബെന്നി ബെഹ്‌നാൻ ചോദ്യം ഉന്നയിച്ചത്. രണ്ടു വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികൾ കേരളത്തിൽ ലവ് ജിഹാദുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്നും എം.പി ചോദിച്ചിരുന്നു.

12 ക്രൈസ്‌തവ യുവതികളെ ലവ് ജിഹാദിലൂടെ വിവാഹം ചെയ്‌ത് മതം മാറ്റിയെന്ന് സീറോ മലബാർ സഭ ആരോപിച്ചത് വിവാദമായിരുന്നു. വിവാഹം ചെയ്‌ത യുവതികളെ സിറിയയിലേക്ക് കൊണ്ടുപോയെന്നും കേരളത്തിൽ ഈ പ്രവണത വർദ്ധിച്ചുവരികയാണെന്നും സഭ ആരോപിച്ചിരുന്നു.