
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയെ എതിർത്ത് പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. വിദ്വേഷവും അവിശ്വാസവുമാണ് രാജ്യത്തുള്ളതെന്നും കേന്ദ്രസർക്കാർ ഇന്ത്യയെ വിഭജിക്കുകയാണെന്നും എം.പിമാർ കുറ്റപ്പെടുത്തി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വസ്തുതകൾക്ക് പകരം ഭാവനയ്ക്ക് വഴിമാറിയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പറഞ്ഞു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമോ, രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള ആശയങ്ങളോ ഇല്ലാത്തതാണ് നയപ്രഖ്യാപന പ്രസംഗം. ഹിന്ദുവും മുസ്ലിമും, ദേശഭക്തരും ദേശവിരുദ്ധരും, ഹിന്ദി സംസാരിക്കുന്നവരും ഹിന്ദി സംസാരിക്കാത്തവരും, ഞങ്ങളും നിങ്ങളും എന്നിങ്ങനെ രാജ്യത്തെ വിഭജിക്കുകയാണ്. 1947ൽ രാജ്യത്തിന്റെ മണ്ണ് വിഭജിക്കപ്പെട്ടു. 2020ൽ ഈ സർക്കാർ ഇന്ത്യയുടെ ആത്മാവിനെ വിഭജിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തെ സാധൂകരിക്കാൻ ഗാന്ധിജിയെ തെറ്റായി ഉപയോഗിച്ചു. സ്റ്റാൻഡ് അപ്പ് ഇന്ത്യ എന്നല്ല കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സിറ്റ് ഡൗൺ ഇന്ത്യ,ഷട്ട് ഡൗൺ ഇന്ത്യ, ഷട്ട് അപ്പ് ഇന്ത്യ എന്നാക്കി മാറ്റണമെന്നും ശശിതരൂർ പരിഹസിച്ചു.
മുസ്ലിം സഹോദരിമാരുടെ സഹോദരനാണ് താനെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി മോദി എന്തിനാണ് അവരെ ഭയക്കുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. കേന്ദ്രസർക്കാർ ഇതുപോലെ തുടരുകയാണെങ്കിൽ രാജ്യവ്യാപകമായി ഷഹീൻ ബാഗുകൾ ഉണ്ടാകുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്ത് വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണെന്ന് ബി.ജെ.ഡി എം.പി പ്രസന്ന ആചാര്യ വിമർശിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ തെലുങ്കാന പ്രമേയം പാസാക്കുമെന്ന് ടി.ആർ.എസ് എം.പി കേശവറാവു വ്യക്തമാക്കി. പാകിസ്ഥാനിലെ ഹിന്ദുക്കൾക്കും സിക്കുകൾക്കും പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ വാക്കുകൾ വളച്ചൊടിച്ചെന്ന് തൃണമൂലിലെ സുഖേന്ദുറായ് ചൂണ്ടിക്കാട്ടി.
നയപ്രഖ്യാപന പ്രസംഗം നിരാശാജനകം.സാമുദായിക ധ്രുവീകരണത്തിലൂടെ താത്കാലിക തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ രാഷ്ട്രത്തെ ഇല്ലാതാക്കും.രാജ്യം നേരിടുന്ന ഗുരുതരമായ ധനപ്രതിസന്ധി, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെ കുറിച്ചൊന്നും പരാമർശിക്കാത്ത നയപ്രഖ്യാപനം നിതീകരിക്കാനാകില്ല
-എൻ.കെ. പ്രേമചന്ദ്രൻ
നയപ്രഖ്യാപന പ്രസംഗം ആത്മാർത്ഥതയില്ലാത്തതും രാജ്യത്തു നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതുമാണ്. ഭരണത്തിന്റെ ആറാം വർഷം സർക്കാർ മേയ്ക് ഇൻ ഇന്ത്യ ഉപേക്ഷിച്ച് അസംമ്പിൾ ഇൻ ഇന്ത്യയിലെത്തിയിരിക്കുകയാണ്.
-അടൂർ പ്രകാശ് എം.പി