orajagopal

 രാജഗോപാൽ അനുകൂലിച്ചെന്ന് എളമരംകരീം;ഇല്ലെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തോട് ഏക ബി.ജെ.പി അംഗം ഒ.രാജഗോപാൽ സ്വീകരിച്ച നിലപാടിനെ ചൊല്ലി രാജ്യസഭയിൽ സി.പി.എമ്മിലെ എളമരം കരീമും പാർലമെൻററികാര്യ സഹമന്ത്രി വി.മുരളീധരനും തമ്മിൽ തർക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു ഇത്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്നും ബി.ജെ.പിയുടെ ഏക അംഗവും അതിനെ പിന്തുണച്ചെന്നും എളമരം കരീം പറഞ്ഞു. എന്നാൽ,ഒ.രാജഗോപാൽ പ്രമേയത്തെ പിന്തുണച്ചിട്ടില്ലന്നും എതിർക്കുകയാണ് ചെയ്തതെന്നും മന്ത്രി മുരളീധരൻ മറുപടി പറഞ്ഞു. പ്രമേയം ഏകകണ്ഠമായി പാസാക്കിയെന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശം നീക്കണമെന്നാവശ്യപ്പെട്ട് രാജഗോപാൽ സ്പീക്കർക്ക് അപേക്ഷ നൽകിയ കാര്യവും മുരളീധരൻ ചൂണ്ടിക്കാട്ടി.ബി.ജെ.പി അംഗം പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കരീമിന്റെ മറുപടി..കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പ്രതിഷേധം സംഘടിപ്പിച്ചതായും 75 ലക്ഷം പേർ അണിചേർന്ന മനുഷ്യ ശൃംഖലയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.