bipin-rawat

ന്യൂഡൽഹി: ഇന്ത്യൻ സേനാ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരത്തിന് വഴി തുറന്ന് മൂന്ന് സായുധ സേനകളുടെയും ഒാപ്പറേഷനുകൾ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാൻഡുകൾ മൂന്നു വർഷത്തിനുള്ളിൽ നിലവിൽ വരുമെന്ന് ചീഫ് ഒാഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. മൂന്ന് സേനാ മേധാവികളുമായുള്ള യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിലിട്ടറി കമാൻഡുകൾക്ക് കീഴിൽ സേനകളുടെ ആൾബലം, കഴിവ്, ലോജിസ്‌റ്റിക്‌സ് എന്നിവ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തും. സേനകളുടെ പ്രവർത്തനം ഏകീകരിക്കാനും ചെലവു കുറയ്‌ക്കാനും ഇതുപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെസ്‌റ്റേൺ തിയറ്റർ കമാൻഡ്, നോർത്തേൺ തിയറ്റർ കമാൻഡ്, ചൈനയുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് ഈസ്‌റ്റേൺ തിയറ്റർ കമാൻഡ് എന്നിങ്ങനെയാണ് മിലിട്ടറി കമാൻഡുകൾ രൂപീകരിക്കുക.

ആകെ എത്ര തിയറ്റർ കമാൻഡുകൾ വേണമെന്ന് തീരുമാനിച്ചിട്ടില്ല. പെനിൻസുല കമാൻഡ്, വ്യോമ പ്രതിരോധ കമാൻഡ്, സ്‌പേസ് കമാൻഡ്, മൾട്ടി സർവീസ് ലോജിസ്‌റ്റിക്സ് കമാൻഡ്, ട്രെയിനിംഗ് കമാൻഡ് എന്നിവയും ആലോചനയിലുണ്ട്.

ഓരോ തിയറ്റർ കമാൻഡിലും വ്യോമസേനയുടെ ഒരു വിഭാഗമുണ്ടാകും. ആവശ്യമനുസരിച്ച് കൂടുതൽ വിമാനങ്ങൾ ചേർക്കും. ചേർന്നു കിടക്കുന്ന മേഖലകളിൽ സ്‌‌റ്റോറുകൾ, ബേസുകൾ എന്നിവ പങ്കിട്ടും ആയുധങ്ങൾ പരസ്‌പരം കൈമാറിയും ചെലവു ചുരുക്കാമെന്ന് കണക്കുകൂട്ടുന്നു.

നാവികസേനയ്‌ക്ക് പുതിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന കാര്യം ചെലവു നോക്കി തീരുമാനിക്കുമെന്ന് ജനറൽ റാവത്ത് പറഞ്ഞു. ഐ.എൻ.എസ് വിക്രമാദിത്യയ്‌ക്കും ഐ.എൻ.എസ് വിക്രാന്തിനും പുറമെ മൂന്നാമതൊരു വിമാനവാഹിനി കൂടി വേണമെന്ന ആവശ്യം നിലവിലുണ്ട്. പുതിയ യുദ്ധവിമാനങ്ങൾ ഒന്നിച്ച് അറ്റകുറ്റപ്പണിക്കായി നിലത്തിറക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചെലവു കുറയ്‌ക്കാൻ ഒാഫീസർമാരെപ്പോലെ മറ്റ് ജീവനക്കാരുടെ പെൻഷൻ പ്രായവും 58 ആക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.