ന്യൂഡൽഹി: സായുധ സേനയിലെ സ്ത്രീ നിയമനത്തിന് പരിധി വയ്ക്കുന്നതിന് പിന്നിൽ പുരുഷ മേധാവിത്വ നിലപാടല്ലെന്ന് സോളിസിറ്റ് ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ പറഞ്ഞു. കമാൻഡർ പോസ്റ്റിലേക്ക് നിയമനം ലഭിക്കാത്ത ചില വനിതാ ഓഫീസർമാർ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണിത്. പ്രതിരോധ മന്ത്രാലായത്തിന് വേണ്ടിയാണ് തുഷാർ മേത്ത ഹാജരായത്.
ഉന്നത വനിത ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കാൻ പുരുഷ ഉദ്യോഗസ്ഥർ മടിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. സ്ത്രീകൾ പുരുഷന്മാരെക്കാളും മുന്നിലെത്താൻ പരിശ്രമിക്കേണ്ട ആവശ്യമല്ല. കാരണം സ്ത്രീകൾ എല്ലാ തരത്തിലും പുരുഷന്മാരെക്കാളും മുന്നിലാണ്. പ്രസവാവധി, മാതൃത്വം, വീട്ടിലെ ചുമതലകൾ എന്നിവ കൂടിയാകുമ്പോൾ സ്ത്രീകൾക്ക് കമാൻഡർമാരായിരിക്കുക ദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സായുധസേനയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നുള്ള വാദം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, അജയ് രസ്തോഗി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഹർജിയിൽ വാദം ആരംഭിച്ചത്. സ്ത്രീവിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന്
അഭിഭാഷകരായ മീനാക്ഷി ലേഖി, ഐശ്വര്യ ഭാട്ടി എന്നിവർ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. കേസിന്റെ തുടർ വാദം മറ്റൊരു ദിവസത്തിലേക്ക് മാറ്റി.