ayodhya-
AYODHYA

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സ്വതന്ത്രാധികാരമുള്ള പതിനഞ്ചംഗ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ലോക്‌സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. രാമജന്മഭൂമിക്കു ചുറ്റും കേന്ദ്രസർക്കാർ ഏറ്റെടുത്ത 67.703 ഏക്കർ ഭൂമി ട്രസ്റ്റിന് കൈമാറും.

രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സ്വതന്ത്രമായി ട്രസ്റ്റിന് എടുക്കാം. അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് നിലനിന്ന തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നും ഇതിന് മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നും കഴിഞ്ഞ നവംബർ ഒൻപതിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ അവസരത്തിൽ ട്രസ്റ്റിന്റെ പ്രഖ്യാപനം. ട്രസ്റ്റ് അംഗങ്ങൾ ആരെല്ലാമെന്ന വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു ദളിത് സമുദായാംഗം ഉൾപ്പെടെ ട്രസ്റ്റിൽ 15 അംഗങ്ങളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.


നാടകീയ നീക്കം

..........................................
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ്. അതിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്നലെ രാവിലെയാണ് ലോക്‌സഭയിൽ പ്രധാനമന്ത്രി നാടകീയ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മന്ത്രിസഭ ചേർന്ന് തീരുമാനം അംഗീകരിച്ച ശേഷം പ്രധാനമന്ത്രി നേരെ ലോക്‌സഭയിലെത്തുകയായിരുന്നു.

11 ന് സഭ തുടങ്ങിയപ്പോൾത്തന്നെ സംസാരിക്കാനായി സ്പീക്കർ പ്രധാനമന്ത്രിയെ ക്ഷണിച്ചു. സുപ്രധാനവും സന്തോഷകരവുമായ തീരുമാനം അറിയിക്കാനുണ്ടെന്ന ആമുഖത്തോടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം വിളിച്ചും മേശയിലടിച്ചും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. കോൺഗ്രസ് അംഗങ്ങളിൽ ചിലർ മഹാത്മാഗാന്ധി വിജയിക്കട്ടെയെന്ന് പ്രതികരിച്ചു. പ്രഖ്യാപനം കഴിഞ്ഞയുടൻ ഡിഫൻസ് എക്സ്പോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ലക്നൗവിലേക്കുപോയി.


നാം ഒരു കുടുംബം: മോദി

................................


സുപ്രീംകോടതിയുടെ ചരിത്രവിധി അനുരിച്ചാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ വിശദ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി കൈമാറണമെന്ന അഭ്യർത്ഥന യു.പി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അയോദ്ധ്യ കേസിൽ സുപ്രീംകോടതി ഉത്തരവു വന്ന ശേഷം സമാധാനവും സാഹോദര്യവും പുലർത്തുന്നതിൽ രാജ്യം കാണിച്ച പക്വതയെ അഭിനന്ദിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ പ്രശംസനീയമായ വിശ്വാസം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരെയും സല്യൂട്ട് ചെയ്യുന്നു.ഹിന്ദുവോ മുസ്ലിമോ സിക്കോ ക്രിസ്ത്യനോ ബൗദ്ധരോ പാഴ്സിയോ ജൈനരോ, എല്ലാവരും ഇന്ത്യയെന്ന വലിയ കുടുംബത്തിലെ അംഗമാണ്. എല്ലാവരും സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കാൻ നാം ആഗ്രഹിക്കുന്നു. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്ന വീക്ഷണത്തോടെ ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

പള്ളിക്ക് സ്ഥലം

18 കി.മീ അകലെ

............................

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ സുന്നി വഫഖ് ബോർഡിന് അഞ്ചേക്കർ സ്ഥലം യു.പി സർക്കാർ അനുവദിച്ചു. അയോദ്ധ്യ ജില്ലാ തലസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ അകലെ ലക്നൗ ദേശീയപാതയിൽ സൊഹവാൾ താലൂക്കിലെ ധന്നിപുർ ഗ്രാമത്തിലാണ് ഈ സ്ഥലം. ഇന്നലെ രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്നു സ്ഥലങ്ങൾ നിർദ്ദേശിച്ചതിൽ കേന്ദ്ര സർക്കാരാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് യു.പി മന്ത്രി ശ്രീകാന്ത് ശർമ അറിയിച്ചു.


ചട്ടലംഘനമില്ലെന്ന്

തിര. കമ്മിഷൻ

..............................
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പൊതു തിരഞ്ഞെടുപ്പല്ല,​ സംസ്ഥാന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രഖ്യാപനത്തിന് മുൻകൂർ അനുമതി തേടേണ്ടതില്ല. സുപ്രീംകോടതി നൽകിയ മൂന്നു മാസ കാലാവധി അവസാനിക്കുന്നതിനാൽ പ്രഖ്യാപനത്തിന് തടസമില്ല.

കമന്റ്

............

വരൂ, നമുക്കെല്ലാവർക്കും മഹത്തായ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രവർത്തിക്കാം.

നരേന്ദ്ര മോദി,​ പ്രധാനമന്ത്രി