-sabarimala-women-entry

ന്യൂഡൽഹി: പന്തളം രാജകുടുംബത്തിൽ തിരുവാഭരണം സുരക്ഷിതമായിരിക്കുമോയെന്ന് വെള്ളിയാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം വയ്ക്കുന്നത് സുരക്ഷിതമാണോ, ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിന് അത് ഏറ്റെടുക്കാൻ സാധിക്കുമോ എന്നീ കാര്യങ്ങളിലാണ് നിലപാടറിയിക്കേണ്ടത്. 2006 ൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌ന വിധിക്കെതിരേ പന്തളം കൊട്ടാരത്തിലെ പി.രാമവർമ്മ രാജ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

തിരുവാഭരണം ദൈവത്തിന്റെ ആഭരണമല്ലേ, അത് മടക്കി നൽകിക്കൂടെ?​ ജസ്റ്റിസ് എൻ.വി. രമണ വാക്കാൽ ചോദിച്ചു. ദേവസ്വം ബോർഡ് എന്തുകൊണ്ട് തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിർദ്ദേശം നൽകുന്നില്ല. തിരുവാഭരണത്തിന്റെ കാര്യത്തിൽ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാർ വാദം

സർക്കാർ ട്രഷറിയിലാണ് തിരുവാഭരണം വയ്‌ക്കേണ്ടത്. എന്നാൽ ഹൈക്കോടതി വിധി കാരണം അതിന് സാധിക്കുന്നില്ലെന്ന്‌ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. രാജകുടുംബത്തിന്റെ ഒരു വിഭാഗം തിരുവാഭരണത്തിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡും മറുപടി നൽകി. ദേവസ്വം മാന്വൽ പ്രകാരം അയ്യപ്പന്റെ ആഭരണങ്ങളും മറ്റും സൂക്ഷിക്കേണ്ടത് സംസ്ഥാന ട്രഷറിയിലാണെന്ന് സീനിയർ അഭിഭാഷകനായ ജയ്ദീപ് ഗുപ്ത സർക്കാരിനുവേണ്ടി കോടതിയെ അറിയിച്ചു. എന്നാൽ സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമേ തനിക്ക് ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടർന്നാണ് വെള്ളിയാഴ്ചവരെ കോടതി സമയം നൽകിയത്. വെള്ളിയാഴ്ച അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.


അധികാരത്തർക്കം

നിലവിൽ തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം രാജ കുടുംബത്തിലെ വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുള്ള സ്‌ട്രോംഗ് റൂമിലാണ്. പന്തളം കൊട്ടാര നിർവാഹക സംഘം സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ട്രഷററുടെയും പക്കലാണ് സ്‌ട്രോഗ് റൂമിന്റെ താക്കോൽ. ഈ മൂന്ന് പേരും കൊട്ടാരത്തിന്റെ ഒരു വിഭാഗമായ വലിയകോയിക്കലിന്റെ ഭാഗമാണ്. കൊച്ചു കോയിക്കലിനെ പൂർണമായും ഒഴിവാക്കി തിരുവാഭരണം വലിയകോയിക്കലിന്റെ ഭാഗം ആക്കാനുള്ള നടപടി ആശങ്കപ്പെടുത്തുന്നതാണെന്ന് കൊട്ടാരത്തിലെ അംഗങ്ങളായ രാജ രാജ വർമ്മയും മറ്റ് 11 പേരും ഇന്നലെ സുപ്രീം കോടതിയിൽ പറഞ്ഞു.

രാജ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന തിരുവോണംനാൾ രാജ രാജ വർമ്മയും ചതയം നാൾ രാമ വർമ്മയും അനാരോഗ്യം കാരണം കിടപ്പിലാണ്. അതിനാൽ സ്‌ട്രോംഗ് റൂമിന്റെ താക്കോൽ മകയിരം നാൾ രാഘവ വർമ്മയ്‌ക്കോ തിരുവോണം നാൾ രാമ വർമ്മയ്‌ക്കോ കൈമാറണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഉന്നയിച്ചപ്പോഴാണ് അധികാരത്തർക്കം രൂക്ഷമായ പന്തളം കൊട്ടാരത്തിൽ തിരുവാഭരണം എങ്ങനെ സുരക്ഷിതമായിരിക്കുമെന്ന് കോടതി ചോദിച്ചത്.