delhi-election

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബി.ജെ.പി എം.പി പർവേഷ് വർമ്മയ്ക്ക് വീണ്ടും പ്രചാരണ വിലക്ക്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പർവേഷിന് ഇന്നലെ വൈകിട്ട് ആറുമുതൽ 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയത്.

പ്രചാരണം ഇന്ന് വൈകിട്ട് 5ന് അവസാനിക്കും. അതിനാൽ ബി.ജെ.പിക്കായി പരസ്യ പ്രചാരണം നടത്താൻ ഇനി പർവേഷിന് സാധിക്കില്ല. റാലികൾ, പൊതുയോഗങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവ നടത്താൻ പാടില്ല.

ഷഹീൻബാഗിലെ സമരക്കാർ വീടുകളിലെത്തി ബലാത്സംഗവും കൊലയും നടത്തുമെന്ന വിദ്വേഷ പ്രസംഗത്തിന് പർവേഷ് വർമയെ 96 മണിക്കൂർ വിലക്കിയിരുന്നു. വിദ്വേഷ പ്രസംഗത്തിന് നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെയും 72 മണിക്കൂർ വിലക്കിയിരുന്നു. തുടർന്ന് ഇരുവരെയും ബി.ജെ.പിയുടെ താരപ്രചാരക പട്ടികയിൽ നിന്ന് നീക്കം ചെയ്തു.
ഇന്നലെ ബി.ജെ.പിക്ക് വേണ്ടി വിവിധ കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും പ്രചാരണത്തിനിറങ്ങി. കോൺഗ്രസിന് വേണ്ടി ബുധനാഴ്ച രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലി നടത്തി. ഡൽഹിയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയും ബി.ജെ.പിയുടെ തീവ്രദേശീയ പ്രചാരണത്തിന് മറുപടി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ പ്രചാരണവും ശക്തമാണ്.