sabarimala-

ന്യൂഡൽഹി: ശബരിമല കേസിൽ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിനെ മുതിർന്ന അഭിഭാഷകരും കേരളവും സുപ്രീംകോടതയിൽ എതിർത്തു. എന്നാൽ കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റ് ജനറൽ തുഷാർ മേത്ത വിശാല ബെഞ്ചിനെ അനുകൂലിച്ചു. പുനഃപരിശോധന ഹർജികളിൽ യുവതീപ്രവേശനം തീർപ്പാക്കാതെ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടിക്കലർത്തി ഒമ്പതംഗ ബെഞ്ചിന് വിട്ടത് തെറ്റാണെന്ന് മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനും കേരളത്തിനായി ഹാജരായ ജയ്ദീപ് ഗുപ്‌തയും വാദിച്ചു.

മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിൽ വൈകിട്ട് നാലിന് വിശാല ബെഞ്ചിന്റെ സാധുതയിലുള്ള ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. പരിഗണനാവിഷയങ്ങൾ തിങ്കളാഴ്‌ച തന്നെ തീരുമാനിക്കുമെന്നും ബുധനാഴ്‌ച വാദം തുടങ്ങുമെന്നും കോടതി ഉത്തരവിട്ടു. ഇന്നലെ രാവിലെ 10.40നാണ് ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിൽ വാദം തുടങ്ങിയത്.

 കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ

പുനഃപരിശോധനാ ഹർജികളല്ല, വിവിധ ഹർജികളിലെ നിയമപ്രശ്‌നങ്ങൾ മാത്രമാണ് വിശാലബെഞ്ചിന് വിട്ടതെന്ന് വാദം തുടങ്ങിയ സോളിസിറ്റ് ജനറൽ തുഷാർ മേത്ത പറഞ്ഞു. വിശാലബെഞ്ചിന് മുന്നിലെ ചോദ്യങ്ങൾക്ക് യുവതീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികളുമായി ബന്ധമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാലിവ ശബരിമല വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ലേ എന്ന് ചീഫ് ജസ്റ്റിസ് ചേദിച്ചു. എന്നാൽ കേസിൽ കക്ഷിയല്ലാത്തവർപോലും തടസങ്ങളുമായി വന്നെന്നും തുഷാർ മേത്ത പറഞ്ഞു.

 അസംബന്ധമെന്ന് നരിമാൻ

കേന്ദ്രസർക്കാരിന്റെ വാദം അസംബന്ധമാണെന്ന് ഫാലി എസ്. നരിമാൻ തിരിച്ചടിച്ചു. ശബരിമല കേസിൽ ഒന്നിനെതിരെ നാല് എന്ന ഭൂരിപക്ഷ വിധിയിൽ വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജികൾ കേൾക്കുകയാണ് കോടതി ആദ്യം ചെയ്യേണ്ടിയിരുന്നത്. എന്നാൽ സമാനമായ മറ്റ് വിഷയങ്ങളുള്ള ചോദ്യാവലി തയ്യാറാക്കി വിശാലബെഞ്ചിന് വിട്ടത് ശരിയായില്ല. ആദ്യ വിധിയിൽ തെറ്റുകളോ പിഴവുകളോ ഉണ്ടോയെന്നാണ് പുനഃപരിശോധനാ ഹർജിയിൽ പരിശോധിക്കുക. പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് അയച്ചിട്ടുമില്ല. വിശ്വാസവുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിന് വിട്ട കാര്യങ്ങളിലെ വസ്‌തുതകൾ അറിയാതെ എങ്ങനെ തീർപ്പാക്കുമെന്ന് നരിമാൻ ചോദിച്ചു. അതേസമയം എന്തുകൊണ്ട് ഈ വിഷയങ്ങളെല്ലാം ഒന്നിച്ചു പരിഗണിച്ചുകൂടേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ആ വിഷയങ്ങൾക്ക് ശേഷം ശബരിമല കേസ് തീർപ്പാക്കാമെന്നും സമാനമായ സംഭവങ്ങൾ മറ്റ് മതങ്ങളിലുള്ളത് കൊണ്ടാകാം വിശാലബെഞ്ചിന് വിട്ടതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

 എതിർത്ത് കേരളം
പുനഃപരിശോധനാ ഹർജിയിൽ തീരുമാനമുണ്ടാക്കാതെ യുവതീ പ്രവേശനമുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചതിനെ കേരളവും എതിർത്തു. വാദം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.