nirbhaya-case

 മരണവാറന്റ് റദ്ദാക്കിയതിനെതിരെ കേന്ദ്രത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിർഭയ കേസിൽ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയോട് തിഹാർ ജയിൽ അധികൃതർ. മൂന്ന് പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ്‌കുമാർ സിംഗ് എന്നിവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്നും പ്രതി പവൻകുമാർ ഗുപ്ത ദയാഹർജി സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തിഹാർ ജയിൽ അധികൃതർ പുതിയ മരണവാറന്റിന് അപേക്ഷിച്ചത്. വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. അപേക്ഷ നാളെ പരിഗണിക്കാൻ തീരുമാനിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ, പ്രതികൾ നിലപാട് അറിയിക്കണമെന്നും നിർദേശിച്ചു.

അതേസമയം ഇനിയൊരു ഉത്തരവുണ്ടാകും വരെ മരണവാറന്റ് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി പരിഗണിക്കണമെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ ആവശ്യം ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വധശിക്ഷ വെവ്വേറെ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.