ന്യൂ ഡൽഹി: രാവിലെ മുതൽ പാർലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കൊമ്പുകോർത്തവർ വൈകിട്ട് ഒരു വേദിയിൽ സൗഹൃദം പങ്കിട്ടത് കൗതുകമായി.
പാർലമെൻറ് അതിഥി മന്ദിരമായ വെസ്‌റ്റേൺ കോർട്ട് ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ മകൻ പി.ജി. കാർത്തിക്കിന്റെയും കാവ്യയുടെയും വിവാഹ സൽക്കാരച്ചടങ്ങാണ് നേതാക്കളുടെ അപൂർവ്വ സംഗമ വേദിയായത്. ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പങ്കെടുത്തതും ശ്രദ്ധേയമായി. പ്രോട്ടോക്കോൾ മാറ്റി വച്ചാണ് രാഷ്‌ട്രപതി എത്തിയത്.
കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് എത്തിയത്. ലോക് സഭാ സ്പീക്കർ ഓം ബിർള, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻസിംഗ്, എച്ച്.ഡി ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ, രാംവിലാസ് പാസ്വാൻ, പ്രഹ്‌ളാദ് ജോഷി, രവിശങ്കർ പ്രസാദ്,രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക് സഭയിലെ കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി, കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, എ.കെ. ആൻറണി, വയലാർ രവി, കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, അഹമ്മദ് പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. കേരളത്തിലെ എല്ലാം എംപിമാരും ചടങ്ങിനെത്തി. എൻ.സി.പി നേതാവ് ശരത്പവാർ, മകൾ സുപ്രിയാ സുലെ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പി.ആർ. നടരാജൻ (സിപിഎം), കനിമൊഴി, എ. രാജ, (ഡി.എം.കെ) ,അരവിന്ദ് സാവന്ത് (ശിവസേന) ലോക് സഭാ സെക്രട്ടറി ജനറൽ സ്‌നേഹലത ശ്രീവാസ്തവ, മുൻ സെക്രട്ടറി ജനറൽ പി.ഡി.റ്റി. ആചാരി, മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജനുവരി 15ന് കൊല്ലത്തായിരുന്നു കാർത്തിക്കിന്റെയും കാവ്യയുടെയും വിവാഹം .