ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച എ.ബി.വി.പി നേതാവ് അറസ്റ്റിൽ. ജെ.എൻ.യുവിലെ ഗവേഷക വിദ്യാർത്ഥിയായ രാഘവേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്.
കാമ്പസിനുള്ളിലാണ് പെൺകുട്ടിയ്ക്ക് നേരെ ആക്രമമുണ്ടായത്. പെൺകുട്ടിയെ പഠനകാര്യം ചർച്ചചെയ്യാനെന്ന പേരിൽ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തിയ രാഘവേന്ദ്ര ആക്രമിക്കുകയായിരുന്നു. ഹോസ്റ്റൽ മുറിയിലെ അപകട അലാറം മുഴക്കിയ പെൺകുട്ടിയെ സെക്യൂരിറ്റി ഗാർഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് വിദ്യാർത്ഥികൾ ചേർന്ന് പ്രതിയെ പിടികൂടി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. രാഘവേന്ദ്രക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354, 323 പ്രകാരം കുറ്റംചുമത്തി അറസ്റ്റ്‌രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സബർമതി ഹോസ്റ്റൽ ഭാരവാഹിയായിരുന്ന രാഘവേന്ദ്ര , 'യോഗി ആദിത്യനാഥ് 2" എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കാഷായ വസ്ത്രം ധരിച്ചാണ് ഇയാൾ കാമ്പസിലെത്തിയിരുന്നത്.
രാഘവേന്ദ്ര ഹോസ്റ്റലിൽ വച്ച് നിരവധി പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. വിദ്യാർത്ഥികൾ പരാതി നൽകിയാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.