ന്യൂഡൽഹി: കൊറോണ മരണം തുടരുന്ന ചൈനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനെത്തി അവിടെ വിമാനത്താവളത്തിൽ കുടുങ്ങിയ 21 മലയാളി വിദ്യാർത്ഥികളെ കൊണ്ടുവരാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇവർക്ക് നാട്ടിലെത്താനുള്ള വിമാന സൗകര്യം ഒരുക്കുന്നതിന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡാലിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ചൈനയിലെ കുംനിംഗ് വിമാനത്താവളത്തിലാണ് കുടുങ്ങിയത്. സംഘത്തിലെ 15 പേരും പെൺകുട്ടികളാണ്. സ്‌കൂട്ട് എയർലൈൻസിൽ സിംഗപ്പൂർ വഴി നാട്ടിലേക്ക് തിരിക്കാണ് ഇവർ ടിക്കറ്റെടുത്തത്. എന്നാൽ, ഇന്നലെ വിമാനത്താവളത്തിലെത്തിയപ്പോൾ ചൈനയിൽ നിന്ന് സിംഗപ്പൂർ പൗരന്മാരല്ലാത്തവരെ സിംഗപ്പൂർ വഴി കൊണ്ടു പോകാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതർ നിലപാടെടുത്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് സിംഗപ്പൂർ വിലക്കേർപ്പെടുത്തിയിരിക്കയാണ്. ഇതാണ് വിനയായത്.
ഉടൻ തിരിച്ചെത്തരുതെന്ന് എഴുതി വാങ്ങിയാണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ അധികൃതർ നാട്ടിലേക്ക് പോകാൻ അനുമതി നൽകിയതെന്നും
അതിനാൽ തിരികെ പ്രവേശിപ്പിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.