ന്യൂഡൽഹി :ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം പരിശോധിക്കാനും കണക്കെടുക്കാനും ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ഏകാംഗ സമിതിയായി ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിയോഗിച്ചു. പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കൽ ശാഖയുടെ കൈവശമുള്ള ആഭരണങ്ങളുടെ എണ്ണം, ഡിസൈൻ എന്നിവ പരിശോധിച്ച് നാലാഴ്ചയ്ക്കകം മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകണം.
പന്തളം രാജകുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കണമെന്നും ഇതിനായി കുടുംബാംഗങ്ങളോട് സംസാരിക്കണമെന്നും സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് കോടതി നിർദേശിച്ചു.
പന്തളം കൊട്ടാരത്തിൽ അധികാരത്തർക്കം നിലനിൽക്കുന്നതിനാൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം സുരക്ഷിതമാണോയെന്നും സർക്കാരിന് ഇത് ഏറ്റെടുത്തുകൂടേയെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൻമേലുള്ള വാദത്തിനിടെയാണ് തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. ജസ്റ്റിസ് രാജചന്ദ്രൻ നായർക്ക് സ്വർണപ്പണിക്കാരന്റെ സഹായം തേടാമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, വി. രാമസുബ്രഹ്മണ്യം എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
നാടകീയ രംഗങ്ങൾ
വാദത്തിനിടെ നാടകീയ സംഭവങ്ങൾക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. നേരിട്ട് വാദം നടത്താൻ ശ്രമിച്ച കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി രാമവർമയോട് പിറകോട്ട് മാറി നിൽക്കാൻ കോടതി ആവശ്യപ്പെട്ടു. രാമ വർമ്മയ്ക്ക് എതിരെയാണ് ആരോപണം നിലനിൽക്കുന്നത്. അതിനാൽ രാമവർമയുടെ വാദത്തെ വിശ്വാസത്തിലെടുക്കാൻ ആകില്ലെന്ന് കോടതി പറഞ്ഞു. പന്തളം രാജകുടുംബത്തിലെ മുതിർന്ന അംഗവും ഹർജിക്കാരനുമായ രേവതി നാൾ പി. രാമവർമ രാജ വക്കാലത്ത് മാറ്റത്തിനായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാംഗ്‌മൂലത്തിലെ ഒപ്പിൽ കോടതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഒപ്പിന്റെ വിശ്വാസ്യത പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിയോട് നിർദേശിച്ചു. രാമവർമ രാജയ്ക്ക് നൂറ് വയസായെന്നും ആശുപത്രിയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ സായി ദീപക് അറിയിച്ചു. ആവശ്യമെങ്കിൽ അദ്ദേഹത്തെ ഹാജരാക്കാമെന്നും പറഞ്ഞു.
കേസിന്റെ പിന്നാമ്പുറം
ശബരിമലയിൽ 2006ൽ നടത്തിയ ദേവപ്രശ്‌നം ചോദ്യം ചെയ്ത് രാമവർമ രാജ നൽകിയ ഹർജിയാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ശബരിമല ക്ഷേത്രഭരണത്തിനായി പ്രത്യേക നിയമമുണ്ടാക്കുന്ന വിഷയത്തിലേക്കും സുപ്രീംകോടതി കടന്നിരുന്നു. അതിനിടെയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച പ്രശ്‌നം കോടതിക്ക് മുന്നിലെത്തിയത്. രാജകുടുംബത്തിലെ ഒരു വിഭാഗം തിരുവാഭരണം കൈയടക്കാൻ ശ്രമിക്കുകയാണെന്ന് മറുഭാഗം ആരോപിച്ചതോടെയാണ് സുപ്രീംകോടതി അതിന്റെ കണക്കെടുപ്പിലേക്ക് നീങ്ങിയത്.