rahul-gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്യൂബ് ലൈറ്റ് പരിഹാസത്തിന് പ്രതികരണവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി പ്രധാനമന്ത്രിക്ക് ചേർന്ന നിലയിലല്ല പെരുമാറുന്നതെന്ന് രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രിമാർക്ക് പ്രത്യേക ഔന്നത്യവും പെരുമാറ്റ രീതികളുമുണ്ട്. പക്ഷേ ഇതൊന്നും നമ്മുടെ പ്രധാനമന്ത്രിക്കില്ല. ഒരു പ്രധാനമന്ത്രിയുടെ രീതിയിലല്ല അദ്ദേഹം പെരുമാറുന്നത് - രാഹുൽ ഗാന്ധി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
തൊഴിൽ ലഭ്യമാക്കിയില്ലെങ്കിൽ ആറു മാസത്തിനുള്ളിൽ യുവാക്കൾ വടിയെടുത്ത് അടിക്കുമെന്ന രാഹുലിന്റെ പരാമർശത്തിന് പാർലമെന്റിൽ മറുപടി പറയുമ്പോഴായിരുന്നു മോദി രാഹുലിനെ പരിഹസിച്ചത്.

തൊഴിലില്ലായ്മയെ കുറിച്ച് പറയൂവെന്ന് രാഹുൽ പ്രതികരിച്ചപ്പോഴാണ് മോദി കടുത്ത പരിഹാസം നടത്തിയത്.

' ഞാൻ 30-40 മിനിറ്റായി ഇവിടെ സംസാരിക്കുന്നു. ഇപ്പോഴാണ് ആ ഭാഗത്ത് കറണ്ട് എത്തിയത്. ചില ട്യൂബ് ലൈറ്റുകൾ ഇങ്ങനെയാണ്. പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ ഒഴികെയുള്ളവ ഞാൻ പരിഹരിക്കും'- മോദി പറഞ്ഞു.