assembly-election

ന്യൂഡൽഹി: യുവാക്കൾ മോദിയെ വടിയെടുത്ത് അടിക്കുമെന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെച്ചൊല്ലി ലോക്സഭയിൽ കോൺഗ്രസ് -ബി.ജെ.പി എം.പിമാരുടെ ബഹളം കൈയ്യാങ്കളിയിലെത്തി. ഇരുവിഭാഗവും പരസ്പരം പോരടിച്ചതോടെ രണ്ടുതവണ നിറുത്തിവച്ച സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. സംഭവത്തിൽ കോൺഗ്രസും ബി.ജെ.പിയും സ്പീക്കർക്ക് പരാതി നൽകി.


ചോദ്യോത്തരവേളയിലായിരുന്നു ബഹളം. വയനാട്ടിൽ ഉൾപ്പെടെ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രാഹുൽഗാന്ധിയുടെ ചോദ്യത്തിന് മറുപടി പറയാൻ എഴുന്നേറ്റ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ,

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തെക്കുറിച്ചാണ് സംസാരിച്ചത്. സഭ ഇതിനെ അപലപിക്കണമെന്ന് ഹർഷവദ്ധൻ ആവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസ് അംഗങ്ങൾ ബഹളം വച്ചു. ചോദ്യത്തിന് മറുപടി പറയാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും മന്ത്രി പ്രസ്താവന തുടർന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് അംഗം മാണിക്കം ടാഗോർ നടുത്തളത്തിലിറങ്ങി ഭരണപക്ഷബെഞ്ചിലേക്ക് നീങ്ങി മന്ത്രിക്കു മുന്നിലെത്തി പ്രസംഗം നിറുത്താൻ ആവശ്യപ്പെട്ടു. യു.പിയിൽ നിന്നുള്ള ബി.ജെ.പി അംഗം ബ്രിജ്ഭൂഷൺ സിംഗ് ഇത് തടയാനെത്തി. ബഹളമായതോടെ സ്പീക്കർ ഒരു മണിവരെ സഭ നിറുത്തിവയ്ക്കുന്നതായി അറിയിച്ചു. മാണിക്കത്തെ ബ്രിജ്ഭൂഷൺ പിടിച്ചുതള്ളിയതായി കോൺഗ്രസ് എം.പിമാർ പറഞ്ഞു. അതിനിടെ കോൺഗ്രസ് അംഗം ഹൈബി ഈഡനും മാണിക്കത്തിനടുത്തെത്തി. മന്ത്രി സ്മൃതി ഇറാനി ബ്രിജ് ഭൂഷണെ തടഞ്ഞു. ബി.ജെ.പി അംഗം നിശികാന്ത് ദുബെ ഹൈബിയേയും പിടിച്ചുമാറ്റി.

തുടർന്ന് കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, ഗൗരവ് ഗൊഗോയ്, കെ.മുരളീധരൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, വി.കെ.ശ്രീകണ്ഠൻ തുടങ്ങിവർ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഒരു മണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ , മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഇരുപക്ഷവും ബഹളം തുടങ്ങിയതോടെ രണ്ടു മണി വരെ നിറുത്തിവച്ചു. ബഹളം തുടർന്നതോടെ സഭ തിങ്കളാഴ്ചത്തേയ്ക്കു പിരിഞ്ഞു. അധീർ രഞ്ജൻ ചൗധരിയും രാഹുൽ ഗാന്ധിയും സ്പീക്കറെ ചേംബറിലെത്തി കണ്ടു. കേന്ദ്രമന്ത്രിമാരായ ഹർഷവർദ്ധനും പ്രഹ്ലാദ് ജോഷിയും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി.