ന്യൂഡൽഹി: നിർണായകമായി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായി, അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒ.എസ്.ഡി ( ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) ഗോപാൽ കൃഷ്ണ മാധവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. 2015 മുതൽ സിസോദിയയുടെ ഓഫീസിൽ പ്രവർത്തിക്കുന്നയാളാണ് ഗോപാൽകൃഷ്ണ മാധവ് എന്ന് സി.ബി.ഐ അറിയിച്ചു. എന്നാൽ ഇയാൾ മുൻ ജീവനക്കാരനാണെന്നും സി.ബി.ഐയുടേത് ഉചിതമായ നടപടിയാണെന്നും അഴിമതിക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്നും സിസോദിയ പ്രതികരിച്ചു.
മനീഷ് സിസോദിയയ്ക്ക് വേണ്ടി കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥൻ പിടിയിലായതെന്ന് ബി.ജെ.പി വക്താവ് സമ്പിത് പാത്ര ആരോപിച്ചു. പത്തു ലക്ഷം രൂപ കൈക്കൂലി പണത്തിന്റെ ആദ്യ ഗഡുവാണിതെന്നും ഡൽഹി സർക്കാർ എന്തു കൊണ്ടാണ് ലോക്പാൽ നടപ്പാക്കാത്തതെന്ന് ഇപ്പോൾ വ്യക്തമായെന്നും സമ്പിത് പാത്ര ട്വിറ്ററിൽ കുറിച്ചു.
അതിനിടെ മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേജ്‌രിവാളിന് നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് 5ന് മുൻപായി മറുപടി നൽകണം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയെ ചൊല്ലിയാണ് പരാതി.
ഇന്നലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കേജ്‌രിവാൾ പ്രാർത്ഥന നടത്തി. ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി കൽക്കാജി ക്ഷേത്രത്തിലും പൂജനടത്തി. ബി.ജെ.പി 45 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 70 മണ്ഡലങ്ങളിലായി ആകെ 672 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കേജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിൽ 28 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.
ഇന്ദ്രപ്രസ്ഥത്തിലെ ഡിജിറ്റൽ യുദ്ധം
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിജിറ്റൽ പോർമുഖത്ത് പാർട്ടികളുടെ പ്രചാരണയുദ്ധത്തിന് കുറവൊന്നുമില്ല.1.46 കോടി വോട്ടർമാരുള്ള ഡൽഹിയിൽ ഒരു കോടിയിലേറേ പേർ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണെന്നതിനാൽ ഡിജിറ്റൽ പ്രചാരണത്തിന് മാറ്റ് കൂടും.
ലഗേ രഹോ കേജ്‌രിവാൾ
തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ആം ആദ്മി വാട്സാപ് പ്രചാരണം ആരംഭിച്ചിരുന്നു. വാട്സാപ് മുഖേന പാർട്ടിയുടെ തിരഞ്ഞെടുപ്പ് നയങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെ ഒരു മുറിയാണ് പാർട്ടിയുടെ ഡിജിറ്റൽ ആസ്ഥാനം. പ്രമുഖ സമൂഹമാദ്ധ്യമ നയതന്ത്രജ്ഞനായ അങ്കിത് ലാലിനാണ് മേൽനോട്ടം. കഴിഞ്ഞ 30 ദിവസത്തിനിടെ 42 ലക്ഷം രൂപയാണ് ആപ്പ് ഫേസ്ബുക്ക് പ്രചാരണത്തിനായി ചെലവഴിച്ചത്. ആപ്പിന്റെ പ്രചാരണ ചുമതല വഹിക്കുന്ന തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ‘ലഗേ രഹോ കേജ്‌രിവാൾ’ പ്രചാരണത്തിനായി 16 ലക്ഷം രൂപയും ചെലവാക്കി
.
ദിൽ മേം മോദി ദില്ലി മേം മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബി.ജെ.പിയുടെ ഡിജിറ്റൽ പ്രചാരണ ആയുധം.‘ദിൽ മേം മോദി ദില്ലി മേം മോദി’ (ഹൃദയത്തിൽ മോദി, ഡൽഹിയിൽ മോദി) ആണ് അവരുടെ മുദ്രാവാക്യം. ഒരു സ്വകാര്യ കമ്പനിക്കാണ് ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല. വാട്സാപ് വഴിയാണ് പ്രധാനമായും പ്രചാരണം. സി.എ.എ ബോധവത്കരണവും ഷഹീൻബാഗുമാണ് ബി.ജെ.പിയുടെ വാട്സാപ് സന്ദേശങ്ങളിൽ നിറയുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ 21.5 ലക്ഷം ഫേസ്ബുക്ക് പ്രചാരണത്തിനും 5.6 ലക്ഷം ഒൗദ്യോഗിക പേജിനുമായി ബി.ജെ.പി മുടക്കി.
വാദേ നിഭായേ ഥേ, വാദേ നിഭായേംഗേ
‘വാദേ നിഭായേ ഥേ, വാദേ നിഭായേംഗേ’ (വാഗ്ദാനങ്ങൾ നിറവേറ്റി, എന്നും വാഗ്ദാനങ്ങൾ നിറവേറ്റും) എന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് 15000 വാട്സാപ് ഗ്രൂപ്പുകൾ കോൺഗ്രസ് ആരംഭിച്ചിരുന്നു. ക്യുക്ക് റെസ്പോൺസ് ടീമും കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ ഡൽഹി കോൺഗ്രസ് ഔദ്യോഗിക പേജിനായി 16.2 ലക്ഷം രൂപയാണ്
ചെലവഴിച്ചത്.