ന്യൂഡൽഹി: രാജ്യസഭയിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. സഭാ ചട്ടത്തിന് ചേരാത്തതാണെന്ന് കണ്ടാണ് നടപടി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.ഇത് രണ്ടാം തവണയാണ് മോദിയുടെ പരാമർശം നീക്കുന്നത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് എം.പി ബി.കെ. ഹരിപ്രസാദിനെതിരെ 2018 ആഗസ്റ്റിൽ മോദി നടത്തിയ പരാമർശമാണ് മുൻപ് നീക്കം ചെയ്തത്.2013ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലിയും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾക്കിടെ ഉയർന്ന ചില വാക്കുകളും ഇതുപോലെ നീക്കിയിരുന്നു.