supream-court

ന്യൂഡൽഹി:സർക്കാർ ജോലിയിലെ പ്രൊമോഷനിൽ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി. സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥമല്ലെന്നും സംവരണം നൽകാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കാൻ കോടതികൾക്കാവില്ലെന്നും ജസ്റ്റിസ്‌മാരായ എൽ. നാഗേശ്വർ റാവുവും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് സുപ്രധാന വിധിയിൽ വ്യക്തമാക്കി .

ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ ( സിവിൽ ) തസ്തികയിൽ എസ്. സി, എസ്.ടി. വിഭാഗത്തിന് സംസ്ഥാന സർക്കാർ നിഷേധിച്ച സ്ഥാനക്കയറ്റം നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് വിധി.

സർക്കാർ ജോലിക്കും സ്ഥാനക്കയറ്റത്തിനും സംവരണം നൽകണോ വേണ്ടയോ എന്നത് അതത് സംസ്ഥാന സർക്കാരുകളുടെ വിവേചനാധികാരം മാത്രമാണ്. പട്ടിക ജാതി, പട്ടിക വർഗങ്ങൾക്ക് സംവരണം നിർബന്ധമായും നൽകാൻ സംസ്ഥാനങ്ങൾക്ക് യാതൊരു ബാദ്ധ്യതയും ഇല്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ നിരീക്ഷണങ്ങൾ

"പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്ക് സംവരണം അനുവദിക്കുന്ന ഭരണഘടനയിലെ 16 ( 4), 16 ( 4 എ ) അനുച്ഛേദങ്ങൾ പ്രൊമോഷന് സംവരണം അവകാശപ്പെടാൻ വ്യക്തികൾക്ക് മൗലികാവകാശം നൽകുന്നില്ല. കോടതിയുടെ ഭരണഘടനാ ബെഞ്ചുകൾ മുൻപ് ഇക്കാര്യം തീർപ്പാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്ക് പ്രൊമോഷന് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥവുമല്ല.

എന്നാൽ പട്ടികവിഭാഗക്കാർക്ക് സർക്കാർ സർവീസിൽ മതിയായ പ്രാതിനിദ്ധ്യം ഇല്ലെന്ന് സംസ്ഥാന സർക്കാരിന് ബോദ്ധ്യപ്പെട്ടാൽ അവർക്ക് നിയമനത്തിനും പ്രൊമോഷനും സംവരണം നൽകാൻ ഈ അനുച്ഛേദങ്ങൾ സംസ്ഥാന സർക്കാരിന് വിവേചനാധികാരം നൽകുന്നുണ്ട്. ഈ വിവേചനാധികാരം ഉപയോഗിച്ച് സംവരണം നൽകാൻ സംസ്ഥാനം തീരുമാനിച്ചാൽ ആ വിഭാഗത്തിന് സർക്കാർ സർവീസിൽ പ്രാതിനിദ്ധ്യം കുറവാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ശേഖരിച്ചിരിക്കണം. സംവരണത്തെ കോടതിയിൽ ചോദ്യം ചെയ്‌താൽ ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ച് ബോദ്ധ്യപ്പെടുത്തണം. സംവരണം നൽകാൻ ഈ ഡാറ്റ നിർബന്ധമാണ്. സംവരണം നൽകുന്നില്ലെങ്കിൽ ഈ വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ല. ഈ ഡാറ്റയുടെ അടിസ്ഥാനത്തിൽ പട്ടികജാതി, പട്ടിക വർഗ്ഗങ്ങൾക്ക് മതിയായ പ്രാതിനിദ്ധ്യം ഉണ്ടെന്ന് ബോദ്ധ്യപ്പെടുകയും സംവരണം നൽകേണ്ട എന്ന് തീരുമാനിക്കുകയും ചെയ്‌താൽ അതിനെ ചോദ്യം ചെയ്യാനാവില്ല. പട്ടിക ജാതി, പട്ടികവർഗ്ഗങ്ങളുടെ പ്രാതിനിദ്ധ്യക്കുറവ് സംസ്ഥാന സർക്കാരുകൾക്ക്

തൃപ്തികരമായി ബോദ്ധ്യപ്പെടേണ്ട വസ്‌തുതയാണ്. അതിൽ ജുഡിഷ്യൽ പരിശോധനയ്‌ക്ക് പരിമിതിയുണ്ട്. കാരണം, നിയമനത്തിലും പ്രോമോഷനിലും സംവരണം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്."