ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകൽ സമരത്തിലൂടെ ശ്രദ്ധ നേടിയ ഷഹീൻബാഗ് ഡൽഹി തിരഞ്ഞെടുപ്പിലും താരമായി. ഡൽഹിയുടെ വിധി എഴുത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഷഹീൻബാഗിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.
ഡൽഹിയിൽ പൊതുവേ കുറഞ്ഞ പോളിംഗ് ആയിരുന്നെങ്കിലും ഷഹീൻബാഗിലെ എല്ലാ ബൂത്തിന് മുന്നിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. രാപ്പകൽ പ്രതിഷേധം നടക്കുന്നതിനാലും ഒന്നിലേറെ തവണ വെടിവയ്പ് നടന്നതിനാലും പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ച ഷഹീൻബാഗിലെ അഞ്ചിടത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. 40, 000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ മാത്രം വിന്യസിച്ചത്.
ഡൽഹിയിലെ ഒക്‌ല നിയോജക മണ്ഡലത്തിൽപ്പെട്ട ഷഹീൻബാഗിൽ എട്ട് ബൂത്തുകളാണുള്ളത്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രമാണിവിടം. എ.എ.പിയുടെ അമാനത്തുളള ഖാനാണ് നിലവിൽ ഇവിടുത്തെ എം.എൽ.എ. അദ്ദേഹമാണ് ഇത്തവണയും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. പർവേസ് ഹാഷ്മി കോൺഗ്രസിനായും ബ്രഹ്മം സിംഗ് ബിധൂരി ബി.ജെ.പിക്കായും മത്സരിക്കുന്നു.
ഡിസംബർ പകുതിയോടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി സ്ത്രീകൾ ഷഹീൻ ബാഗിൽ രാപ്പകൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ നിരവധി ബി.ജെ.പി നേതാക്കൾ ഷഹീൻബാഗിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.