arvind-kejriwal

ന്യൂഡൽഹി: ആംആദ്മി പാർട്ടിയും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞു. 57.87 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് ഇന്നലെ രാത്രി ലഭിച്ച റിപ്പോർട്ട്. രാവിലെ വളരെ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് വൈകിട്ടോടെയാണ് വേഗത കൈവരിച്ചത്. മുഖ്യമന്ത്രി കേജ്‌രിവാൾ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിലും പോളിംഗ് കുറഞ്ഞു. 70 മണ്ഡലങ്ങളിലായി 672 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
2015ൽ 67.12 ശതമാനമായിരുന്നു പോളിംഗ്. 2013ൽ 65.63 ശതമാനം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60.6 ശതമാനം. 2014ൽ ഇത് 65.1ശതമാനമായിരുന്നു.

പ്രചാരണ രംഗത്തെ കോൺഗ്രസിന്റെ തണുപ്പൻ പ്രകടനം വോട്ടെടുപ്പിനെ ബാധിച്ചതായി വിലയിരുത്തലുണ്ട്. കേഡറുകൾക്കപ്പുറം കടന്ന് വോട്ടുപിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗിൽ രാവിലെ മുതൽ നല്ല പോളിംഗ് രേഖപ്പെടുത്തി.

രാഷ്ട്രപതി രാംനാഥ്കോവിന്ദ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുഖ്യമന്ത്രി കേജ്‌രിവാൾ തുടങ്ങി പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഏതാനും ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിക്കാൻ വൈകി. ബാബർപൂളിൽ പോളിംഗ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ചാന്ദ്നി ചൗക്കിലെ കോൺഗ്രസ് സ്ഥാനാർത്ഥി അൽകലാംബ ആംആദ്മി പ്രവർത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ലാംബയ്ക്കെതിരെ പരാതി നൽകുമെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് അറിയിച്ചു. മജ്നുകാട്ട്‌ലയിൽ കോൺഗ്രസ്, ആം ആദ്മി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.