അന്തിമ വോട്ടിംഗ് ശതമാനം 62.59
വോട്ടെണ്ണൽ നാളെ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും അന്തിമവോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.
ആകെ 62.59ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴും അന്തിമ പോളിംഗ് ശതമാനം ഔദ്യോഗികമായി പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിട്ടത്. അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടാൻ താമസിച്ചതിൽ അസ്വാഭാവികത ഇല്ലെന്നും പല ഘട്ടത്തിലായി സൂക്ഷ്മ പരിശോധന നടത്തേണ്ടി വന്നതിനാലാണ് ഒരു ദിവസം വൈകിയതെന്നും ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിംഗ് പറഞ്ഞു.
അതേസമയം, വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള സാദ്ധ്യത ആരോപിച്ച് ആംആദ്മി പ്രവർത്തകർ വിവിധയിടങ്ങളിൽ സ്‌ട്രോംഗ് റൂമുകളുടെ പരിസരങ്ങളിൽ കാവലിലാണ്.
ബാബർപുർ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ഒരു വോട്ടിംഗ് യന്ത്രവുമായി ഉദ്യോഗസ്ഥനെ ആളുകൾ പിടികൂടിയെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. വോട്ടിംഗ് മെഷീൻ തെരുവിലൂടെ കൊണ്ടുപോകുന്നതും വോട്ടിംഗ് യന്ത്രങ്ങളുമായി പുറപ്പെട്ട ബസ് റോഡിൽ നിറുത്തിയിട്ട ദൃശ്യവുമടങ്ങിയ രണ്ടു വീഡിയോകളും അദ്ദേഹം പുറത്തുവിട്ടു. വോട്ടെടുപ്പിന് ഉപയോഗിച്ച മെഷീനുകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഡൽഹിയിൽ ആംആദ്മി പാർട്ടി അധികാരം നിലനിറുത്തുമെന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബി.ജെ.പിയും കോൺഗ്രസും തള്ളി .
48 സീറ്റുകളുമായി ബി.ജെ.പി സർക്കാരുണ്ടാക്കുമെന്നും, ആരും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പഴിപറയരുതെന്നും ഡൽഹി ഘടകം അദ്ധ്യക്ഷൻ മനോജ് തിവാരി എം.പി പറഞ്ഞു.എക്‌സിറ്റ് പോളുകൾ തെറ്റുമെന്നും കോൺഗ്രസ് മികച്ച പ്രകടനത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര പറഞ്ഞു.