അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് കൊടിക്കുന്നിൽ
രാംവിലാസ് പാസ്വാൻ ഇന്ന് പട്ടികജാതി, വർഗ്ഗ എം.പിമാരെ കാണും
ന്യൂഡൽഹി: സർക്കാർ ജോലികളിലെ സ്ഥാനക്കയറ്റത്തിൽ സംവരണം മൗലികാവകാശമല്ലെന്നും, സർക്കാരുകൾക്ക് നടപ്പാക്കാൻ ബാദ്ധ്യതയില്ലെന്നുമുള്ള സുപ്രീംകോടതി വിധിയിൽ ബി.ജെ.പിക്കെതിരെ വിരൽ ചൂണ്ടി കോൺഗ്രസ് രംഗത്ത്. കോൺഗ്രസിന് പുറമേ സി. പി. എമ്മും ബി. ജെ. പിയുടെ സഖ്യകക്ഷിയായ ലോക്ജനശക്തി പാർട്ടിയും വിധിയെ എതിർത്തു.
സ്ഥാനക്കയറ്റത്തിൽ സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥമല്ലെന്ന് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ സ്വീകരിച്ച നിലപാടാണ് സുപ്രീംകോടതിയിലെ തിരിച്ചടിക്ക് കാരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് നയത്തിന്റെ ഭാഗമാണിത്. ബി. ജെ. പി ഭരണത്തിൽ പട്ടികജാതി പട്ടികവർഗക്കാർ അവകാശങ്ങൾ നഷ്‌ടപ്പെടുമെന്ന ഭീഷണി നേരിടുകയാണ്. സർക്കാരുദ്യോഗങ്ങളിൽ പട്ടികജാതി, വർഗ്ഗക്കാരെ നിയമിക്കുന്നത് സംസ്ഥാന സർക്കാരുകളുടെ വിവേചനാധികാരമാണെന്ന് കോൺഗ്രസ് അംഗീകരിക്കുന്നില്ല.
സംവരണ കാര്യത്തിൽ പുനരാലോചന ആവശ്യമാണെന്ന് ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത് അടുത്തിടെ പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായി.വിധി അംഗീകരിക്കാനാവില്ലെന്നും, പാർലമെൻറിനകത്തും പുറത്തും വിഷയം ഉന്നയിക്കുമെന്നും മുകുൾ വാസ്‌നിക്ക് പറഞ്ഞു.
പ്രൊമോഷനിൽ സംവരണം പാടില്ലെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇനി ഈ ഹർജിയുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് ഡോ.ഉദിത് രാജ് ആവശ്യപ്പെട്ടു.
വിഷയത്തിൽ ലോക്സഭയിൽ ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
എതിർത്ത് എൽ. ജെ. പിയും
സുപ്രീംകോടതി വിധിയിൽ ബി. ജെ. പി സഖ്യകക്ഷിയായ ലോക്ജനശക്തി പാർട്ടിയും ( എൽ. ജെ. പി ) എതിർപ്പ് പ്രകടിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ പതിറ്റാണ്ടുകളായി തുടരുന്ന സംവരാണാനുകൂല്യങ്ങൾ നിലനിർത്താൻ കേന്ദ്രസർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് എൽ. ജെ. പി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. പാർട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാൻ ഇന്ന് ഈ വിഷയം എസ്. സി, എസ്. ടി എം. പിമാരുമായി ചർച്ച ചെയ്യും.
കേന്ദ്ര സർക്കാർ
ഇടപെടണം: സി.പി.എം
സർക്കാർ ജോലികളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങൾക്ക് എതിരാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. സംവരണ വ്യവസ്ഥകൾ നടപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രവും കേന്ദ്രഭരണ പ്രദേശങ്ങളും ബാദ്ധ്യസ്ഥമാണ്. ഭരണഘടനയിലെ സംവരണ വ്യവസ്ഥകൾ മൗലികാവകാശമല്ലെങ്കിലും രാജ്യത്ത് നിർബന്ധമായും നടപ്പാക്കേണ്ടതാണ്. പാർലമെന്റിന്റെ ഇരു സഭകളിലും പ്രമേയം കൊണ്ടുവന്ന് ഇത്തരം വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുന്ന പോരായ്‌മകൾ തിരുത്തണം. കോടതി വിധി പുനഃപരിശോധിക്കാൻ സാദ്ധ്യമായ എല്ലാ നിയമ നടപടികളും കേന്ദ്രം സ്വീകരിക്കണമെന്നും പി.ബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.