omar-abdullah

ന്യൂഡൽഹി : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചു. നിയമവിരുദ്ധ തടവിൽ കോടതി ഇടപെടണമെന്നും സുപ്രീംകോടതി അടിയന്തര വാദം കേൾക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞടക്കം ഗുരുതരമായ ഭരണഘടനാ അവകാശ ലംഘനങ്ങൾ നടത്തിയാണ് തന്റെ സഹോദരനെ തടങ്കിലാക്കിയിരിക്കുന്നതെന്നും തടങ്കലിൽ വെക്കാനുള്ള കാരണമെന്താണെന്നുള്ള വിശദീകരണം ഒമറിന് നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ആഗസ്റ്റ് അഞ്ച് മുതൽ മുൻ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും ആറ് മാസത്തോളമായി വീട്ടു തടങ്കലിലാണ്. ഒമറിന്റെയും മെഹബൂബ മുഫ്തിയുടെയും പേരിൽ കഴിഞ്ഞ ആഴ്ച പൊതു സുരക്ഷാ നിയമം ചുമത്തിരുന്നു. ഈ നിയമപ്രകാരം ഒരാളെ വിചാരണയൊന്നും കൂടാതെ രണ്ടു വർഷം വരെ തടങ്കലിലാക്കാൻ സാധിക്കും. 370ാം അനുഛേദം റദ്ദാക്കിയത് മുതൽ തടങ്കലിൽ കഴിയുന്ന ഒമർ അബ്ദുള്ളയുടെ നീളൻ താടിയുള്ള ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.