shaheenbag

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവരെ പരോക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊതുസ്ഥലങ്ങളിൽ അനിശ്ചിതകാലത്തേക്കുള്ള സമരങ്ങൾ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.പ്രതിഷേധങ്ങൾ നടത്തുന്നത് തെറ്റല്ലെന്നും എന്നാൽ അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത ഇടങ്ങളിലാണ് നടത്തേണ്ടതെന്നും ജസ്റ്റിസ് എസ്.കെ. കൗൾ പറഞ്ഞു. ഓരേ സ്ഥലത്ത് അനിശ്ചിത കാലത്തേക്ക് പ്രതിഷേധങ്ങൾ നടത്താൻ അനുവദിക്കില്ല. എല്ലാവരും ഇത്തരത്തിൽ തെരുവിൽ ഇറങ്ങിയാൽ എന്താകും സ്ഥിതിയെന്നും ജസ്റ്റിസ് എസ്.കെ. കൗൾ ചോദിച്ചു.എന്നാൽ സമരക്കാരെ അടിയന്തരമായി നീക്കണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. മറുപക്ഷത്തിന്റെ വാദങ്ങൾ കേൾക്കാതെ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'അൻപതു ദിവസത്തിലേറെയായി സമരം നടക്കുന്നു. നിങ്ങൾ കാത്തിരുന്നേ തീരൂ' -ജസ്റ്റിസ് കൗൾ പറഞ്ഞു.ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഷഹീൻ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നിയാണ് കോടതിയെ സമീപിച്ചത്. സമാന ആവശ്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയിലും പരാതിക്കാരൻ ഹർജി നൽകിയിരുന്നു. എന്നാൽ പൊലീസിനെ സമീപിക്കാനാണ് കോടതി ഉത്തരവിട്ടത്.

നാലു മാസം പ്രായമുള്ള കുട്ടി

പ്രതിഷേധിക്കാൻ പോവുമോ?

ഷഹീൻ ബാഗിലെ സമരത്തിനിടെ നാലു മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര, ഡൽഹി സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ചു. നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാൻ പോകുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അഭിഭാഷകരോടു ചോദിച്ചു. രക്ഷിതാക്കൾ സമരപ്പന്തലിലേക്കു കൊണ്ടുവന്ന മുഹമ്മദ് ജഹാൻ ആണ് ഡൽഹിയിൽ കനത്ത തണുപ്പ് തുടരുന്നതിനിടെ അസുഖം ബാധിച്ച് മരിച്ചത്. ധീരതയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച 12 വയസുകാരി സെൻ ഗുൻരതൻ സദവർതെ, കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.