ന്യൂഡൽഹി: പട്ടിക ജാതി വർഗ വിഭാഗങ്ങൾക്ക് നേരേയുള്ള അതിക്രമ പരാതികളിൽ കേസെടുക്കുന്നതിന് പ്രാഥമികാന്വേഷണം നടത്തേണ്ടതില്ലെന്നതടക്കം പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേഗഗതി സുപ്രീം കോടതി ശരി വച്ചു. ഭേദഗതിയുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജികളിലാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
ഓരോ ഇന്ത്യൻ പൗരനും മറ്റു പൗരന്മാരെ തുല്യതയോടെ കാണേണ്ടതുണ്ടെന്ന്, മുഖ്യവിധിയോടു യോജിച്ചുകൊണ്ടു തന്നെ പ്രത്യേകം എഴുതിയ ഉത്തരവിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. പ്രാഥമികമായി കേസില്ലെന്നു ബോധ്യപ്പെട്ടാൽ കോടതിക്ക് എഫ്.ഐ.ആർ. റദ്ദാക്കുകയും ,മുൻകൂർ ജാമ്യം നൽകുകയും ചെയ്യാം..രാജ്യത്തെ പട്ടിക വിഭാഗങ്ങൾ ഇപ്പോഴും അനാചാരങ്ങൾക്കും ദാരിദ്ര്യത്തിനും മാനഹാനിക്കും ഇടയിൽ നട്ടം തിരിയുകയാണ്..നിയമമനുസരിച്ച് കേസെടുക്കുന്നതിന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡോ. സുഭാഷ് കാശിനാഥ് മഹാജൻ കേസിൽ എ. കെ. ഗോയൽ, യു. യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് എസ്. സി. എസ്. ടി. അതിക്രമക്കേസുകളിൽ മുൻകൂർ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് 2018 മാർച്ച് 20 ന് വിധിച്ചത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും നിഷ്‌ക്കർഷിച്ചിരുന്നു. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്ര സർക്കാർ നിയമ ഭേഗതി കൊണ്ടുവന്നത്.