17 മുതൽ 10 ദിവസത്തെ വാദം
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെ വിശ്വാസ വിഷയങ്ങളിലെ തർക്കങ്ങൾക്ക് സമവായമുണ്ടാക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
കേസ് വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിനെ ഫാലി എസ്. നരിമാൻ അടക്കം മുതിർന്ന അഭിഭാഷകർ എതിർത്തിരുന്നു. ഇതിനെ സംസ്ഥാന സർക്കാർ പിന്തുണച്ചപ്പോൾ കേന്ദ്ര സർക്കാർ വിശാല ബെഞ്ചിനെ അനുകൂലിച്ചു. തുടർന്നാണ് ഒരു ദിവസത്തെ വാദത്തിനുശേഷം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് സുപ്രധാന വിധി പറഞ്ഞത്.
രണ്ട് വിഭാഗമായിട്ടാവും കേസ് പരിഗണിക്കുക. വാദങ്ങൾക്കും എതിർവാദങ്ങൾക്കുമായി 10 ദിവസം. ഓരോന്നും അഞ്ചു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. 17 മുതൽ തുടർച്ചയായി വാദം കേൾക്കും. ബുധനാഴ്ച മുതൽ കേൾക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
യുവതീ പ്രവേശനം എതിർക്കുന്നവർക്കായി കെ. പരാശരൻ വാദം നയിക്കും. എതിർഭാഗത്തെക്കുറിച്ച് വ്യക്തതയായിട്ടില്ല. മുഖ്യവാദങ്ങൾ ആരൊക്കെ നടത്തണമെന്ന് തീരുമാനിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, നഗേശ്വര റാവു, മോഹൻ എം. ശാന്തഗൗഡർ, അബ്ദുൾ നസീർ,സുഭാഷ് റെഡ്ഡി, ബി. ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് വിശാല ബെഞ്ചിലുള്ളത്.
ഏഴ് ചോദ്യങ്ങൾ
ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. ചോദ്യങ്ങളും സുപ്രീംകോടതി തന്നെയാണ് മുന്നോട്ട് വച്ചത്. യുവതികളുടെ ആരാധനാലയ പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ട് ഏഴ് ചോദ്യങ്ങൾ പുനക്രമീകരിക്കുകയാണ് ചെയ്‌തത്.
1. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും ?
2. ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം ?,
3.മതവിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾക്ക് വിധേയമാണോ?
4.ഭരണഘടനയുടെ 25, 26 അനുച്ഛേദത്തിൽ പ്രതിപാദിച്ചിട്ടുള്ള മതാനുഷ്ഠാനങ്ങളിലെ ധാർമ്മികത?
5.ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളിൽ ജുഡിഷ്യൽ അവലോകനത്തിന്റെ പരിധിയും സാദ്ധ്യതയും ?
6.ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം ഹിന്ദുക്കളിലെ ഒരു വിഭാഗം എന്നതിന്റെ അർത്ഥം ?
7.ഒരു മതവിഭാഗത്തിലും പെടാത്തയാൾക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കാൻ കഴിയുമോ?
കേസിന്റെ ചരിത്രം
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് 2018 സെപ്തംബർ 28ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചു
വിധിക്കെതിരായ പുനഃപരിശോധനാ, റിട്ട് ഹർജികൾ പരിഗണിച്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ നവംബർ 14ന് തീരുമാനം പറയാതെ മാറ്റിവച്ചു. യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തില്ല.
മതപരമായ വിഷയങ്ങൾ വിശാല ബെഞ്ച് പരിഗണിക്കുന്നതിന് ഏഴ് കാര്യങ്ങൾ ഭൂരിപക്ഷ വിധിയിൽ കോടതി മുന്നോട്ടുവച്ചു
പുന:പരിശോധനാ ഹർജികളിൽ തീർപ്പുണ്ടാക്കാതെ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് ഫാലി എസ്. നരിമാൻ വാദിച്ചു