ന്യൂഡൽഹി സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് ആറാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ സുപ്രീംകോടതി. ബെഞ്ച് ഉത്തരവിട്ടു.
തീരദേശ നിയമം ലംഘിച്ച് കേരളത്തിൽ നടത്തിയ കൈയേറ്റങ്ങൾക്കെതിരെ സംവിധായകൻ മേജർ രവി സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിലാണ് ഉത്തരവ്. മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉൾപ്പെടേയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സിവിൽ കോടതിയെ ചുമതലപെടുത്തണമെന്ന ആവശ്യത്തിലും സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടികയും ഭാവിയിൽ സ്വീകരിക്കാൻ പോകുന്ന മുൻകരുതലുകളും അറിയിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത് ചീഫ് സെക്രട്ടറി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരടിലെ ഫ്‌ളാറ്റ് ഉടമ കൂടിയാ യ മേജർ രവി കോടതി അലക്ഷ്യ ഹർജി നൽകിയത്. മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം തീർപ്പാക്കാൻ പ്രത്യേക ട്രിബ്യുണൽ രൂപീകരിക്കാൻ നിര്‌ദേശിക്കണം എന്നതുൾപ്പെടേുള്ള ആവശ്യങ്ങളിലും കോടതി നോട്ടീസ് അയച്ചു. മാർച്ച് 23 ഹർജികൾ വീണ്ടും പരിഗണിക്കും.