ന്യൂഡൽഹി: പ്രോവിഡൻറ് ഫണ്ടുമായി ബന്ധപ്പെട്ട് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന നിർബന്ധിത വ്യവസ്ഥയില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാർ ലോക്‌സഭയിൽ പറഞ്ഞു. പി.എഫുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻകാലങ്ങളിലേത് പോലെ സമർപ്പിക്കാമെന്ന് മന്ത്രി.പറഞ്ഞു.
കശുഅണ്ടി തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്ന കാര്യം ചോദ്യോത്തര വേളയിൽ എൻ.കെ പ്രേമചന്ദ്രൻ ഉന്നയിച്ചിരുന്നു.പി.എഫ് പെൻഷൻ തുകയിൽ നിന്നും കമ്മ്യൂട്ട് ചെയ്ത തുക പ്രതിമാസ പെൻഷനിൽ നിന്നും ഈടാക്കിയ ശേഷവും പൂർണ പെൻഷൻ പുനഃസ്ഥാപിച്ചിട്ടില്ല. ഗവൺമെന്റും പി.എഫ് സ്റ്റേറ്റ് ബോർഡും തീരുമാനിച്ചിട്ടും ഇക്കാര്യത്തിൽ ചീഫ് പ്രോവിഡൻറ് ഫണ്ട് കമ്മിഷണർ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.