parliament

ന്യൂഡൽഹി: സ്ഥാനക്കയറ്റത്തിൽ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയെച്ചൊല്ലി പാർലമെൻറിൽ പ്രതിപക്ഷ ബഹളം. സംവരണത്തെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രം സമയോചിതമായി ഇടപെട്ടില്ലെന്ന് ആരോപിച്ച പ്രതിപക്ഷം, വിധിക്കെതിരെ റിവ്യൂഹർജി നൽകുന്നതിലടക്കം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

. കേസിൽ സർക്കാർ കക്ഷിയായിരുന്നില്ലെന്നും വിഷയത്തിൽ ഉന്നത തല ചർച്ച നടത്തുകയാണെന്നും സാമൂഹ്യനീതി മന്ത്രി താവർചന്ദ് ഗെഹ്ലോട്ട് ഇരുസഭകളെയും അറിയിച്ചു. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്, സി.പി.എമ്മിലെ എ.എം ആരിഫ്,മുസ്ലീംലീഗിലെ ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ ഓംബിർള അനുവദിച്ചില്ല. തുടർന്ന് ശൂന്യവേളയിൽ കോൺഗ്രസ് കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി വിഷയം ഉന്നയിച്ചു. സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന നിലപാടാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ കോടതിയിലെടുത്തത്.. മോദി സർക്കാർ അധികാരത്തിലേറിയശേഷം എസ്.സി,എസ്.ടി സംവരണത്തെ കടന്നാക്രമിക്കുകയാണെന്നും ചൗധരി കുറ്റപ്പെടുത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

ഗൗരവകരമായ വിഷയത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തിരിച്ചടിച്ചു. സംവരണം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നത് സുപ്രീംകോടതിയുടെ വിധിയാണെന്നും കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാടല്ലെന്നും പാർലമെൻററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി. 2012ൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ് സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്ന നിലപാടെടുത്തത്..കേന്ദ്രം അനുയോജ്യ നടപടി സ്വീകരിക്കുമെന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രി താവർചന്ദ് ഗെഹ്‌ലോട്ട് പ്രസ്താവന നടത്തി. ഇതിൽ ചർച്ചവേണമെന്ന് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്ന് കോൺഗ്രസ്, ഡി.എം.കെ , മുസ്ലിംലീഗ് അംഗങ്ങൾ ഇറങ്ങിപോയി.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, സി.പി.എമ്മിലെ ടി.കെ രംഗരാജൻ, സി.പി.ഐയിലെ ബിനോയ് വിശ്വം, ഡി.എം.കെയിലെ തിരുച്ചി ശിവ തുടങ്ങിയവർ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. റിവ്യൂ ഹർജി നൽകുമോയെന്നും ഇത് തള്ളിയാൽ പുതിയ നിയമനിർമ്മാണം നടത്തുമോയെന്നും കേന്ദ്രം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ വിഷയം ഉന്നതലത്തിൽ പരിശോധിച്ചുവരികയാണെന്ന മറുപടി മന്ത്രി താവർചന്ദ് ഗെഹ്ലോട്ട് ആവർത്തിച്ചു. തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

കേന്ദ്രസർക്കാർ റിവ്യൂ ഹർജി നൽകണം. സംവരണം ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം.

-എ.രാജ, ഡി.എം.കെ


'ഭരണഘടനയുടെ അടിസ്ഥാനതത്വമായ സംവരണം അട്ടിമറിക്കപ്പെടുമ്പോൾ കേന്ദ്രം മൂകസാക്ഷിയാവരുത്.

-ഇ.ടി.മുഹമ്മദ് ബഷീർ

മുസ്ലീം ലീഗ്


'കേന്ദ്ര സർക്കാർ റിവ്യു പെറ്റീഷൻ നൽകണം. സംവരണം ഉറപ്പാക്കാൻ നിയനിർമ്മാണം നടത്തണം'.

-എ.എം.ആരിഫ്

സി.പി.എം