ന്യൂഡൽഹി: ഏതെങ്കിലും ഒരു സ്ഥലത്തിന് ദേശീയ തീർത്ഥാടന കേന്ദ്രം പദവി നൽകുന്ന പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നതിനിടെയാണ് ലോക്‌സഭയിൽ നിലപാട് അറിയിച്ചത്.
ദേശീയ തീർത്ഥാടന കേന്ദ്രമായി ഒരു സ്ഥലത്തെ ടൂറിസം വകുപ്പ് പ്രഖ്യാപിക്കാറില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. സംസ്ഥാനം സമർപ്പിക്കുന്ന പദ്ധതികൾക്ക് സ്വദേശ് ആൻഡ് പ്രസാദ് സ്‌കീമുകളിൽ ഉൾപ്പെടുത്തി ഫണ്ട് നൽകും. ഈ സ്‌കീമിൽ ശബരിമല വികസനത്തിന് 2016 -17ൽ രണ്ട് പദ്ധതികൾക്ക് അനുമതി നൽകി.
ശബരിമല- എരുമേലി- പമ്പ - സന്നിധാനം - സ്പിരിച്വൽ സർക്യൂട്ടിന് 99.99 കോടി രൂപയുടെയും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം- ആറന്മുള - ശബരിമല സ്പിരിച്വൽ സർക്യൂട്ടിന് 92 . 22 കോടിയുടെയും പദ്ധതികൾക്കാണ് അനുമതി നൽകിയത്.
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗം 2017ൽ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ദേശീയ തീർത്ഥാടന കേന്ദ്രം പദവി നൽകുന്ന ഒരു പദ്ധതിയും നിലവില്ലെന്ന് 2018ൽ ടൂറിസം വകുപ്പ് വ്യക്തമാക്കി. ശബരിമലയ്ക്ക് ദേശീയ പദവി ലഭിക്കുന്നത് വേഗത്തിലാക്കാൻ കേരളത്തിൽ എൻ.ഡി.എ അധികാരത്തിലെത്തണമെന്നായിരുന്നു 2016ൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ പറഞ്ഞത്.