kejriwal

ന്യൂഡൽഹി: 'ഹനുമാൻ സ്വാമിക്ക് നന്ദി. ഡൽഹിക്കാർ തകർത്തു. ഐ ലവ് യൂ...ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ടവൾക്കുള്ള സമ്മാനമാണ് ഈ വിജയം.' - ഹാട്രിക് ജയത്തിന് പിന്നാലെ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്ക് ഡൽഹി ഐ.ടി.ഒയിലെ ആം ആദ്‌മി പാർട്ടി ആസ്ഥാന മന്ദിരത്തിന് മുകളിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത കേ‌ജ്‌രിവാളിനൊപ്പം ആദായനികുതി ഓഫീസറായ ഭാര്യ സുനിത, മക്കളായ ഹർഷിത, പുൽകിത് എന്നിവരുമുണ്ടായിരുന്നു.

' സുഹൃത്തുക്കളെ, നിങ്ങളുടെ മകനിൽ മൂന്നാംവട്ടവും വിശ്വാസമർപ്പിച്ചതിന് ഞാൻ എല്ലാ ഡൽഹിക്കാർക്കും മനസിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഈ വിജയം എല്ലാ ഡൽഹിക്കാരുടെയുമാണ്. എന്നെ മകനായി കണ്ട എല്ലാ കുടുംബത്തിന്റെയും വിജയമാണ്. ഡൽഹിയിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമായ കുടുംബങ്ങളുടെ വിജയമാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ച കുടുംബങ്ങളുടെ വിജയമാണ്. ആശുപത്രിയിൽ മികച്ച ചികിത്സ ലഭ്യമായതിന്റെ വിജയമാണ്. ഡൽഹിക്കാർ പ്രവർത്തനത്തിന്റെ രാഷ്‌ട്രീയത്തിന് ജന്മം നൽകിയിരിക്കുന്നു.

വോട്ടു കൊണ്ട് വിദ്യാഭ്യാസവും മൊഹല്ലാ ക്ളിനിക്കും ചെലവു കുറഞ്ഞ വൈദ്യുതിയും വെള്ളവും റോഡും ഉറപ്പാക്കാമെന്നതാണ് ഡൽഹിയിലെ ജനങ്ങൾ നൽകുന്ന സന്ദേശം. 21-ാം നൂറ്റാണ്ടിന്റെ സന്ദേശം. ഭാരത മാതാവിന്റെ വിജയമാണിത്. ദേശത്തിന്റെ ജയമാണ്. ഹനുമാന്റെ ദിവസമായ ചൊവ്വാഴ്ചയാണ് വിജയം ലഭിച്ചത്. ഡൽഹിയിൽ കൃപ ചൊരിഞ്ഞതിന് ഹനുമാന് നന്ദി. അടുത്ത അഞ്ചുവർഷവും ഇതേ ദിശാബോധം നൽകണമെന്ന് പ്രാർത്ഥിക്കുന്നു. ഡൽഹിയെ കൂടുതൽ സുന്ദരമാക്കാൻ കഴിയും. അഹോരാത്രം പ്രയത്നിച്ച പ്രവർത്തകർക്കും പിന്തുണ നൽകിയ കുടുംബത്തിനും നന്ദി പറയുന്നു. അടുത്ത അഞ്ചുവർഷം ഒന്നിച്ച് പ്രയത്നിക്കാൻ എല്ലാവരുടെയും പിന്തുണ തേടുന്നു"-

ഭാരത് മാതാ കീ ജയ്.... കേജ്‌രിവാൾ പ്രസംഗം അവസാനിപ്പിച്ചു.