delhi-election-results

ന്യൂഡൽഹി:രാഷ്‌ട്രീയ കസർത്തുകളുടെ ഭാരമില്ലാതെ ജനങ്ങളുടെ ഹൃദയം കവർന്ന അരവിന്ദ് കേജ്‌രിവാളിനോട് ഹിന്ദുത്വ അജണ്ടയും മോദി പ്രഭാവവും ഉൾപ്പെടുന്ന പതിവു രാഷ്‌ട്രീയ ആയുധങ്ങളുമായി മല്ലിടാനാകില്ലെന്ന് ബി.ജെ.പിയെ വീണ്ടും പഠിപ്പിച്ചിരിക്കയാണ് ഡൽഹി. 15വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിനും തിരിച്ചുവരവ് ഇനിയും അകലെയാണെന്നും ഡൽഹി ഫലം അടിവരയിടുന്നു.

 വിനയായി അമിതവിശ്വാസം

മേയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റിലും ജയിച്ചതിന്റെ അമിതമായ ആത്മവിശ്വാസമാണ് ബി. ജെ. പിക്ക് വിനയായത്. ഭരണവിരുദ്ധ തരംഗത്തിൽ കേജ്‌രിവാൾ പുറത്താകുമെന്നും ദുർബ്ബലമായ കോൺഗ്രസിനെ മറികടന്ന് 21വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാമെന്നും ബി.ജെ.പി കരുതി.

എന്നാൽ 2017ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ആം ആദ്‌മി കരുതലോടെയാണ് നീങ്ങിയത്. പ്രഖ്യാപിച്ച സൗജന്യങ്ങൾ വോട്ടാക്കാനുള്ള തന്ത്രങ്ങൾ പ്രചാരണ ചുമതല വഹിച്ച പ്രശാന്ത് കിഷോർ രൂപീകരിച്ചു. ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അവർ പ്രചാരണത്തിൽ മുന്നേറി. അവസാന ലാപ്പുകളിൽ ബി.ജെ.പി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല.

2014ൽ വൻ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരമേറിയ മോദി സർക്കാരിനേറ്റ ആദ്യ പ്രഹരമായിരുന്നു 2015ൽ ആംആദ്‌മി നേടിയ വൻ വിജയം. അതിന്റെ ആവർത്തനമാണ് ഇപ്പോൾ. 2019ൽ രണ്ടാം തവണ അധികാരമേറ്റ മോദി സർക്കാരിനെ 2020ൽ ആം ആദ്മി വീണ്ടും പ്രഹരിച്ചിരിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി എവിടെ

ആംആദ്‌മിയുടെ കേജ്‌രിവാളിനൊപ്പം നിറുത്താൻ ബി.ജെ.പിക്കും കോൺഗ്രസിനും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലായിരുന്നു. ബി.ജെ.പിക്കു വേണ്ടി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസിന് വേണ്ടി രാഹുലും പ്രിയങ്കയും നിരന്തരം റാലികൾ നടത്തിയെങ്കിലും വികസനത്തിന് വോട്ട് എന്ന ആംആദ്‌മി പ്രചാരണത്തിന് മറുപടിയായില്ല. കഴിഞ്ഞ തവണ കിരൺ ബേദിയെ ഇറക്കിയ പോലൊരു ഒരു നേതാവിനെ ഉയർത്തിക്കാട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

കേജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ആക്രമിച്ചതും വിപരീത ഫലമുളവാക്കി. അതേസമയം കേജ്‌രിവാൾ മോദിയെ ബഹുമാനിക്കുന്ന തന്ത്രമാണ് സ്വീകരിച്ചത്.

ധ്രുവീകരിക്കാതെ വോട്ടുകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലും ജാമിയയിലും നടന്ന പ്രതിഷേധങ്ങൾ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് ബി.ജെ.പി കരുതി. ഇതു മുന്നിൽ കണ്ട കേജ്‌രിവാൾ ഷഹീൻബാഗ് സന്ദർശിക്കുകയോ പ്രതികരിക്കുകയോ ചെയ്‌തില്ല. പകരം റാലികളിൽ ഹനുമാൻ സ്‌തോത്രങ്ങൾ പാടി സ്വയം ഹിന്ദുവായി വിശേഷിപ്പിച്ച് മറു തന്ത്രം പയറ്റി. പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്‌ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പട്പട്ഗഞ്ചിലെ വോട്ടുകളിൽ വിള്ളൽ വീണതും ശ്രദ്ധേയം.

വോട്ടെടുപ്പിന് തൊട്ടുമുൻപ് ലോക്‌സഭയിൽ മോദി രാമക്ഷേത്ര നിർമ്മാണത്തിനുള്ള ട്രസ്‌റ്റ് പ്രഖ്യാപിച്ച തുറുപ്പു ചീട്ടും ബി. ജെ. പിക്ക് വോട്ടായി മാറിയില്ല. അതേസമയം 14ശതമാനമുള്ള മുസ്ളീം വോട്ടർമാർ ഒന്നടങ്കം ആംആദ്‌മിക്ക് വോട്ടു കുത്തി. പൗരത്വ ഭേദഗതി പ്രക്ഷോഭം നടക്കുന്ന ജാമിയ അടങ്ങിയ ഓഖ്‌ല മണ്ഡലത്തിൽ ആംആദ്‌മിയുടെ അമാത്തുള്ളഖാൻ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

 കോൺഗ്രസ് 'ഡെക്ക്'

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകിയത്. എന്നാൽ 60ലേറെ മണ്ഡലങ്ങളിൽ കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ബി.ജെ.പിയെ തോൽപ്പിക്കാൻ ആംആദ്‌മി പാർട്ടിക്കു വോട്ട് മറിച്ചെന്ന ആരോപണവുമുണ്ട്. പൗരത്വ നിയമ പ്രക്ഷോഭം മുസ്ളീംകൂട്ടായ്‌മകളെ സൃഷ്‌ടിച്ചത് മുതലാക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. ബി.ജെ.പിയിൽ നിന്നെത്തിയ മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദിന്റെ നേതൃത്വത്തിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിനഞ്ച് വർഷം തുടർച്ചയായി ഭരിച്ച അന്തരിച്ച ഷീലാ ദീക്ഷിതിനെപ്പോലുള്ള നേതാവിന്റെ അഭാവം പാർട്ടിയിൽ നിഴലിക്കുന്നു. ആംആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കവും ഉണ്ട്.